പൂനെ: മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാര്‍ കുടുംബത്തിലും പോരാട്ടം കടുക്കുന്നു. എൻസിപി പിളര്‍ന്നതിന് ശേഷം ഇതാദ്യമായി അജിത് പവാര്‍ വിഭാഗവും ശരത് പവാര്‍ വിഭാഗവും വ്യത്യസ്‌ത പരിപാടികള്‍ നടത്തി ദീപാവലി ആഘോഷിച്ചു. ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഗോവിന്ദ് ബാഗിൽ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി പ്രസിഡന്‍റ് ശരദ് പവാറിന്‍റെ നേത്യത്വത്തില്‍ ദീപാവലി ആഘോഷ പരിപാടി സംഘടിപ്പിച്ചപ്പോള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാറിന്‍റെ സാന്നിധ്യത്തിൽ ബാരാമതിയിലെ കടേവാഡിയിൽ മറ്റൊരു ദീപാവലി ആഘോഷ പരിപാടി സംഘടിപ്പിച്ചു.
ദീപാവലി ആഘോഷമെങ്കിലും ഇരുകൂട്ടരും ഒരുമിച്ച് നടത്തുമെന്ന് മഹാരാഷ്‌ട്രയിലെ ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നു. മുംബൈയിൽ നേരത്തെ നടന്ന എബിപി ശിഖർ സമ്മേളനത്തിൽ അജിത് പവാറും ശരദ് പവാറും ദീപാവലി ഒരുമിച്ച് ആഘോഷിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. 2023-ൽ പിളര്‍പ്പിന് ശേഷവും പവാർ കുടുംബം ഗോവിന്ദ്ബാഗിലെ ശരദ് പവാറിന്‍റെ വീട്ടിൽ വച്ച് ഒരുമിച്ച് ദീപാവലി ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇരുകൂട്ടരും ദീപാവലി ആഘോഷം പ്രത്യേകമായി ആഘോഷിച്ചത് തെരഞ്ഞെടുപ്പ് ഗോദയിലെ ചൂട് കുടുംബത്തിനുള്ളിലും എത്തിയതിന്‍റെ ഫലമാണ്.
ബാരാമതിയില്‍ പോരാട്ടം കനക്കും
പവാര്‍ കുടുംബത്തിന്‍റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാരാമതിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പവാര്‍ കുടുംബത്തിലെ അമ്മാവനും മരുമകനുമാണ് നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ബാരാമതി മണ്ഡലത്തില്‍ അജിത് പവാറിനെ എതിരിടുക യുഗേന്ദ്ര പവാര്‍ ആയിരിക്കും. അജിത് പവാറിന്‍റെ സഹോദരന്‍ ശ്രീനിവാസ് പവാറിന്‍റെ മകൻ യുഗേന്ദ്ര പവാറിനെ സ്ഥാനാര്‍ഥിയായി ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന അജിത് പവാറിന് ബാരാമതി മണ്ഡലത്തില്‍ വിജയിക്കുകയെന്നത് അതിനിര്‍ണായകവും അഭിമാന പോരാട്ടവുമാണ്.