രാജസ്ഥാന്‍ :കോട്ട സിറ്റിയില്‍ നടന്ന വെടിവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് ഭോല പണ്ഡിറ്റ് എന്ന 23കാരനെ കോട്ട സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തു. 17-ാം വയസില്‍ കോട്ടയില്‍ എഞ്ചിനീറിങ് എന്‍ട്രന്‍സ് പഠനത്തിന് എത്തിയതാണ് ഭോല പണ്ഡിറ്റ് എന്ന് വിളിക്കുന്ന ഭോല കൗശിക. എന്നാല്‍ കോട്ട, ഭോലയെ ഒരു കുറ്റവാളിയാക്കുകയായിരുന്നു.
2018ൽ ഒരു കൊലപാതക കേസിൽ പ്രതിയായി ഭോല ജുവനൈൽ ഹോമിൽ അടയ്ക്കപ്പെട്ടു. ഇവിടെ മറ്റ് പ്രായപൂർത്തിയാകാത്ത കുറ്റവാളികളുമായി സമ്പർക്കം പുലർത്തി ഭോല കൊടും കുറ്റവാളിയായാണ് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഭോല ഉത്തർപ്രദേശില്‍ ആയുധ വിതരണക്കാരനായി.
ചൊവ്വാഴ്‌ചയാണ് ഉത്തർ പ്രദേശിലെ മഥുരയിൽ നിന്ന് കോട്ട സിറ്റി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കോട്ട സിറ്റിയിലെ വെടിവയ്പ്പിന് പുറമേ, ബാരൻ ജില്ലയിൽ നടന്ന കത്തിക്കുത്ത് കേസിലും ഇയാള്‍ പ്രതിയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധർമ്മവീർ സിങ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ മാസം വിജ്ഞാൻ നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സതീഷ് ചന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം യുപിയിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തിരുന്നു. സംഘത്തില്‍ നിന്ന് ഒരു പിസ്റ്റൾ, 11 വെടിയുണ്ടകൾ, ഒരു കത്തി, രണ്ട് മോട്ടോർ ബൈക്കുകൾ എന്നിവ പിടിച്ചെടുത്തു. ഭോല കൗശികയില്‍ നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്ന് കോട്ടയിലെ അനന്ത്പുര പ്രദേശവാസിയായ 19 കാരന്‍ സൊഹൈൽ ഖാൻ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തുടര്‍ന്നാണ് ഭോലയെ അറസ്റ്റ് ചെയ്‌തത്.