ന്യൂഡൽഹി :ദേശീയ തലസ്ഥാനത്ത് ഇന്ത്യ ഗേറ്റിന് സമീപം ഐസ്ക്രീം കച്ചവടക്കാരൻ കുത്തേറ്റു മരിച്ചതായി പൊലീസ് അറിയിച്ചു. പ്രഭാകർ (25) എന്ന വ്യക്തിയാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ബുധനാഴ്‌ച (ഏപ്രിൽ 24) വൈകുന്നേരത്തോടെ ഒരു ഐസ്ക്രീം കച്ചവടക്കാരന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം നടന്നതായി വിവരം ലഭിച്ചുവെന്നും, തുടർന്ന് പൊലീസ് ഇരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് അയാൾ മരണത്തിന് കീഴടങ്ങിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വഴക്കിനെ തുടർന്നാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. മരിച്ചയാളുടെ ശരീരത്തിൽ മൂന്ന് മുറിവുകളുണ്ട്, അതിലൊന്ന് ആഴത്തിലുള്ളതാണ്. ഇരയുടെ ബാഗിൽ നിന്ന് കുറച്ച് പണവും വാച്ചും കണ്ടെടുത്തിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.
സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഓടിപ്പോയ പ്രതിയെ സമീപത്തെ കടകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണവും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
ALSO READ : അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാൻ 'ക്വട്ടേഷൻ'; ആളുമാറി കൊന്നത് അതിഥികളെ