പൂനെ/ഹൈദരാബാദ്:ലോകം പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങവേ രാജ്യത്തുടനീളം സുരക്ഷാ മുന്നൊരുക്കങ്ങളും സജീവമാണ്. പുതുവത്സര പാര്‍ട്ടിക്കിടെ മദ്യപിക്കുന്നവര്‍ വാഹനമോടിക്കുന്നത് തടയാന്‍ സൗജന്യ ക്യാബ് റൈഡുകൾ നൽകുകയാണ് ഹൈദരാബാദും പൂനെയും.
പുതുവർഷ രാവിൽ മദ്യപിക്കുന്ന ഉപഭോക്താക്കളെ വീട്ടിലേക്ക് തിരികെ എത്തിക്കാന്‍ പൂനെയിലെ ഹോട്ടലുകളും പബ്ബുകളുമാണ് സൗജന്യ ക്യാബ് സംവിധാനം ഒരുക്കിയത്. ബുധനാഴ്‌ച പുലർച്ചെ 5 മണി വരെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് പൂനെയിലെ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് ഗണേഷ് ഷെട്ടി പറഞ്ഞു. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗണേഷ് ഷെട്ടി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഞങ്ങളുടെ ഗ്രൂപ്പിലെ കാർ ഡ്രൈവർമാരോട് പുലർച്ചെ 1 മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും സവാരിക്ക് തയ്യാറാകാൻ ഞങ്ങൾ നിര്‍ദേശം നല്‍കിയിട്ടിട്ടുണ്ട്. അമിതമായി മദ്യപിച്ചവര്‍ക്ക് ഇരുചക്രവാഹനമോ കാറോ ഉണ്ടെങ്കിലും ഞങ്ങൾ അവരെ കാറിൽ വീട്ടിലേക്ക് വിടും.'- ഷെട്ടി പറഞ്ഞു.
അമിതമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം നൽകില്ലെന്നും ഷെട്ടി വ്യക്തമാക്കി. കൂടാതെ, ഉപഭോക്താക്കളുമായി തർക്കിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഷെട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ആഘോഷങ്ങൾ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൂവായിരത്തിലധികം പൊലീസുകാരെ പൂനെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.
തെലങ്കാന ഫോർ വീലർ ഡ്രൈവേഴ്‌സ് അസോസിയേഷൻ (ടിജിഎഫ്‌ഡബ്ല്യുഡിഎ), തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (ടിജിപിഡബ്ല്യുയു) എന്നിവരും ഹൈദരാബാദിൽ രാത്രി 10 മുതൽ സൗജന്യ യാത്രാ സൗകര്യം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബർ 31 മുതൽ 2025 ജനുവരി 1 പുലർച്ചെ 1 മണി വരെയാകും സൗജന്യ യാത്ര.
'പുതുവത്സരാഘോഷങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതും ഇതുമൂലം പൊതുസുരക്ഷയ്ക്കുള്ള ഭീഷണിയും ഗുരുതരമാണ്. തെലങ്കാന ഫോർ വീലർ ഡ്രൈവേഴ്‌സ് അസോസിയേഷനും തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും #HumAapkeSaathHai കാമ്പെയ്‌നിലൂടെ റോഡുകൾ സുരക്ഷിതമാക്കാൻ മുന്നിട്ടിറങ്ങുകയാണ്.' ടിജിഎഫ്‌ഡബ്ല്യുഡിഎ പ്രസിഡന്‍റ് ഷെയ്‌ക് സലാവുദ്ദീൻ പറഞ്ഞു.
ഹൈദരാബാദ്, സൈബറാബാദ്, രച്‌കൊണ്ട കമ്മീഷണറേറ്റ് പരിധികളിൽ 500 ഫോർ വീലർ ക്യാബുകളും 250 ബൈക്കുകളും ഉപയോഗിച്ചാണ് സൗജന്യ ഗതാഗതം ഒരുക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി തങ്ങൾ ഈ സേവനം നൽകുന്നുണ്ടെന്നും സലാവുദ്ദീന്‍ പറഞ്ഞു. സവാരി ആഗ്രഹിക്കുന്ന ആർക്കും 9177624678 എന്ന നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യപിച്ച് വാഹനമോടിക്കുന്നത് അനുവദിക്കരുതെന്നും മദ്യപിക്കുന്നവര്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്നും ഹൈദരാബാദ് സിറ്റി പൊലീസ് എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, അപകടകരമായി വാഹനമോടിക്കുക തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ ട്രാഫിക് പൊലീസ് വ്യാപക പരിശോധന നടത്തും.
31-12-2024/01-01-2025 രാത്രിയിൽ ആവശ്യാനുസരണം ബേഗംപേട്ടും ടോളിചൗക്കിയും ഒഴികെയുള്ള നഗരത്തിലെ എല്ലാ മേൽപ്പാലങ്ങളും ഗതാഗതത്തിനായി അടച്ചിടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സാധുവായ എയർ ടിക്കറ്റുകള്‍ കൈവശമുള്ള, ആർജിഐ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് മാത്രമേ പിവിഎൻആർ എക്‌സ്‌പ്രസ് വേ ഫ്ലൈ ഓവർ തുറന്ന് നല്‍കൂ എന്നും പൊലീസ് അറിയിച്ചു.
Also Read:മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കണം; ബാറുകളോട് നിര്‍ദേശിച്ച് മോട്ടോർ വാഹന വകുപ്പ്