ഹൈദരാബാദ്: ബാച്ചുപള്ളിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. വാക്ക് തർക്കത്തിന്‍റെ പേരിൽ ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇത് ഗ്യാസ് സിലിണ്ടർ ചോർന്ന് ഉണ്ടായ അപകടമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു.
മരിച്ച സ്‌ത്രീയുടെ മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞ വിവരമനുസരിച്ച് 2020-ലാണ് ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഗോട്‌ലഗട്ടിൽ നിന്നുള്ള മധുലോതയും (29) പുട്ടബസാരുവിൽ നിന്നുള്ള വരകാല നാഗേന്ദ്ര ഭരദ്വാജും (31) വിവാഹിതരാകുന്നത്. അവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുമുണ്ട്. ബാച്ചുപള്ളിയിലെ സായ് അനുരാഗ് കോളനിയിലെ എംഎസ്ആർ പ്ലാസയിലാണ് അവർ താമസിച്ചിരുന്നത്.
ദമ്പതികൾ ഇരുവരും സോഫ്റ്റ്‌വെയർ ജീവനക്കാരാണ്. വിവാഹം കഴിഞ്ഞത് മുതൽ ഭരദ്വാജ് ഭാര്യയെ ഉപദ്രവിക്കുമായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ഇരുവരും മാറിയായിരുന്നു താമസിച്ചിരുന്നത്. പിന്നീട് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കി ഫെബ്രുവരി 15-നാണ് ഇവർ വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഈ മാസം 4 ന് ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ഭരദ്വജ് ഭാര്യയെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം മറയ്‌ക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. തുടർന്ന് അവരെ കൊലപ്പെടുത്തിയ മുറിയിൽ അയാൾ ഒരു സിലിണ്ടർ വയ്‌ക്കുകയും വാതക ചോർച്ച ഉണ്ടാക്കുകയും ചെയ്‌തു. മധുലോതയുടേത് അപകട മരണമാണെന്ന് കാണിക്കാനായിരുന്നു ഭരദ്വജ് ശ്രമിച്ചത്. അതിനുശേഷം വീട് പൂട്ടി മകനോടൊപ്പം അയാൾ സുഹൃത്തായ ശ്രീനിവാസിന്‍റെ വീട്ടിലേക്ക് പോയി. നടന്ന സംഭവങ്ങൾ സുഹൃത്തിനോട് പറയുകയും ശേഷം ആത്മഹത്യാശ്രമം നടത്തുകയും ചെയ്‌തു. ഉടൻ തന്നെ ഭരദ്വജിന്‍റെ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ അയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.
ALSO READ : കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി, അഴുകാതിരിക്കാന്‍ മഞ്ഞള്‍പ്പൊടി വിതറി; ബംഗ്ലാദേശ് എംപിയുടെ കൊലപാതകം അതിക്രൂരമായി
അതേ ദിവസം രാത്രി തന്നെ മധുലോതയുടെ മൃതദേഹവും പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോയിരുന്നു. പ്രതിയെ അടുത്ത ദിവസം തന്നെ കസ്‌റ്റഡിയിലെടുത്തു. എന്നാൽ, ഇക്കാര്യം പൊലീസ് രഹസ്യമാക്കി വച്ചിരുന്നത് ഏറെ ദുരൂഹതയുണ്ടാക്കുന്നു. 20 ദിവസത്തോളം ഈ സംഭവം പുറത്തറിഞ്ഞില്ല. പൊലീസും കേസ് രഹസ്യമാക്കി വയ്ക്കുകയാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മധുലതയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.
ഇതിനെതിരെ ബാച്ചുപള്ളി സിഐ ജെ.ഉപേന്ദറിനോട് വിശദീകരണം തേടി. പ്രതിക്കെതിരെ 302-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഈ മാസം ആറിന് കോടതിയിൽ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.