മുംബൈ :ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി തള്ളി കോടതി. ഭര്‍ത്താവ് തന്‍റെ മാതാവിന് പണവും സമയവും നല്‍കുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ആശിഷ് അയചിത്, മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്‌ത് യുവതി നല്‍കിയ ഹര്‍ജി തള്ളിയത്.
സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്‍റ് ആണ് ഹര്‍ജിക്കാരി. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് യുവതി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്‍റെ അമ്മയുടെ മാനസിക രോഗം മറച്ചുവച്ചാണ് തന്നെ വിവാഹം ചെയ്‌തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭര്‍ത്താവും അമ്മയും തന്നോട് വഴക്ക് ഉണ്ടാക്കാറുണ്ടെന്നും അമ്മ തന്‍റെ ജോലിയെ എതിര്‍ത്തിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.
1993 മുതല്‍ 2004 വരെ ഭര്‍ത്താവ് ജോലി സംബന്ധമായി വിദേശത്തായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെയും മാതാവിനെ കാണാനായി പോകും. മാതാവിന് എല്ലാ വര്‍ഷവും പതിനായിരം രൂപ അയച്ചുകൊടുക്കും. മാതാവിന്‍റെ കണ്ണിന് ശസ്ത്രക്രിയ നടത്താന്‍ പണം ചെലവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തന്നെ പീഡിപ്പിക്കുന്നതായി യുവതി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ കുടുംബം ആരോപണങ്ങള്‍ നിഷേധിച്ചു.
ഹര്‍ജിക്കാരി തന്നെ ഒരിക്കലും പങ്കാളിയായി അംഗീകരിച്ചിരുന്നില്ലെന്നും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഭര്‍ത്താവ് പറഞ്ഞു. കുടുംബ കോടതിയില്‍ വിവാഹ മോചന പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യ തന്‍റെ അക്കൗണ്ടില്‍ നിന്നും താനറിയാതെ 21.68 ലക്ഷം രൂപ പിന്‍വലിച്ചുവെന്നും ആ തുകയ്ക്ക് ഒരു അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഭര്‍ത്താവ് ആരോപിച്ചു.