ന്യൂഡൽഹി:മുത്തലാഖ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം തേടി സുപ്രീം കോടതി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ശേഷം രാജ്യത്ത് എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, തുടര്‍നടപടികൾ എന്ത് എന്നീ വിവരങ്ങള്‍ നല്കാന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.
മുത്തലാഖ് നിയമപ്രകാരം, മുത്തലാഖ് ചൊല്ലിയ മുസ്ലീം പുരുഷന്മാര്ക്കെതിരെ എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2019ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസാക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നടക്കം ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലീം പുരുഷന്മാര്ക്കെതിരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസുകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതികളില്‍ കേസുകളുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചു. മാർച്ച് 17 ന് കേസ് വാദം കേൾക്കാൻ മാറ്റി.
നിയമപ്രകാരം രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ എഫ്ഐആറുകളുടെ എണ്ണവും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അതേസമയം മുത്തലാഖ് സംബന്ധിച്ച വിവരങ്ങൾ കോടതിക്ക് നൽകുമെന്ന് തുഷാർ മേത്ത അറിയിച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു പരിഷ്കൃത വിഭാഗത്തിലും ഇത്തരമൊരു സമ്പ്രദായമില്ലെന്നും സ്ത്രീ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. മാത്രമല്ല മുത്തലാഖ് ചൊല്ലിയാലും അത് വിവാഹമോചനമാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമത്തെ ആർക്കും വെല്ലുവിളിക്കാനാകില്ലെന്ന് മുതിർന്ന അഭിഭാഷകൻ എംആർ ഷംഷാദ് പറഞ്ഞു. ഒരു സ്ത്രീയെ നിങ്ങളുടെ ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും ഒരു വാക്കിലൂടെ എങ്ങനെ പുറത്താക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
മറ്റൊരു സമുദായത്തിലും മുത്തലാഖ് എന്ന സമ്പ്രദായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുത്തലാഖ് സമ്പ്രദായം ശരിയാണെന്ന് ഇവിടുത്തെ അഭിഭാഷകരിൽ ആരും പറയുന്നില്ല, അവർ പറയുന്നത് ഈ ആചാരം നിരോധിക്കപ്പെടുമ്പോൾ അത് കുറ്റകരമാക്കാൻ കഴിയുമോ എന്നും ഒരേസമയം മൂന്ന് തവണ തലാഖ് ചൊല്ലിയാൽ വിവാഹമോചനം സാധ്യമാകില്ല എന്നുമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രാഷ്ട്രീയക്കാരനും ഇസ്ലാമിക പണ്ഡിതനുമായ അമീർ റഷാദി മദ്നിയും സമസ്ത കേരള ജമൈത്തുൽ ഉലമ, ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് തുടങ്ങിയ രണ്ട് സംഘടനകളും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് 2019 ഓഗസ്റ്റ് 1ന് പ്രാബല്യത്തിൽ വന്ന നിയമത്തിന് ഇടക്കാല സ്റ്റേ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
പുതിയ നിയമത്തിന്റെ ഏക ലക്ഷ്യം മുസ്ലീം ഭർത്താക്കന്മാരെ ശിക്ഷിക്കുക എന്നതാണെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. അതേസമയം വിവാഹത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ സംസ്ഥാനത്തിന് ക്രിമിനൽ നിയമം അവലംബിക്കാമെന്ന് കേന്ദ്രം നേരത്തെ കേസിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
മുത്തലാഖ് ഒരു സ്ത്രീയോട് ചെയ്യുന്ന ഒരു സ്വകാര്യ തെറ്റല്ല. സ്ത്രീകളുടെ അവകാശങ്ങൾക്കും വിവാഹത്തിനും എതിരായ ഒരു പൊതു തെറ്റാണെന്ന് സർക്കാർ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയിലൂടെ 2017 ഓഗസ്റ്റ് 22നാണ് മുത്തലാഖ് അസാധുവായി പ്രഖ്യാപിച്ചത്.
Also Read:ഫോണിലൂടെ മുത്വലാഖ് ചൊല്ലി ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തി; പത്തനംതിട്ടയിലെ പള്ളി ഇമാം അറസ്റ്റില്‍