ഷിംല : ഹിമാചൽ പ്രദേശിൽ ക്രോസ് വോട്ട് ചെയ്‌ത് ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനെ വിജയിപ്പിച്ച ആറ് കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഇവര്‍ക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയ നടപടി ബിജെപിക്കുള്ളില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കോൺഗ്രസിൽ നിന്നെത്തിയ ഈ നേതാക്കളെ എതിര്‍ത്തു കൊണ്ട് ബിജെപിക്കുള്ളില്‍ നിന്ന് ഒരു വിഭാഗം ഉയര്‍ന്നു വന്നിട്ടുണ്ട്. അതൃപ്‌തരായ ബിജെപി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയുടെ സംസ്ഥാന തലവൻ ഡോ.രാജീവ് ബിന്ദാൽ.
അനുനയ ശ്രമം :നിലവില്‍ രോഷാകുലരായ നേതാക്കളോട് ഹൈക്കമാൻഡ് ഉത്തരവിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന തിരക്കിലാണ് ഡോ.രാജീവ് ബിന്ദാലും പ്രതിപക്ഷ നേതാവ് ജയറാം താക്കൂറും. രാജ്യസഭ സീറ്റ് നേടിയതിന്‍റെ പ്രധാന്യത്തെ കുറിച്ച് ബിജെപി അംഗങ്ങളോട് വിശദീകരിക്കുകയാണ് ബിന്ദാലും താക്കൂറും. മുതിർന്ന ബിജെപി നേതാവ് രമേഷ് ധവാലയുടെ അതൃപ്‌തി ശമിപ്പിക്കുന്നതിൽ രാജീവ് ബിന്ദാൽ വിജയിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബിജെപി നേതാക്കളെയും പ്രവർത്തകരെയും സമാധാനിപ്പിക്കാൻ മറ്റ് പദ്ധതികളും തയാറാക്കി തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
അമർഷത്തിന്‍റെ നെരിപ്പോടിലേക്ക് സ്നേഹത്തിന്‍റെ തെളിനീര് :ആറ് സീറ്റുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നെത്തിയ നേതാക്കൾക്കാണ് ബിജെപി ടിക്കറ്റ് നൽകിയത്. നളഗഢിൽ നിന്ന് കെഎൽ താക്കൂറിന് ടിക്കറ്റ് നൽകിയതാണ് ലഖ്‌വീന്ദർ റാണയെ പ്രകോപിപ്പിച്ചത്. ധർമ്മശാലയിൽ സുധീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോള്‍ രാകേഷ് ചൗധരിയും കിഷൻ കപൂറും വിപിൻ നഹാരിയയും രോഷാകുലരായി.
ഡെഹ്‌റയിൽ നിന്നുള്ള ഹോഷിയാർ സിങ് ബിജെപിയിൽ ചേർന്ന് മത്സര രംഗത്തിറങ്ങിയപ്പോൾ രമേഷ് ധവാലയും അതൃപ്‌തനായി. ഇന്ദ്രദത്ത് ലഖൻപാൽ ബദ്‌സറിലെ സ്ഥാനാർഥിയായിരുന്നു. ചൈതന്യ ശർമ്മ ഗാഗ്രറ്റിൽ നിന്ന് മത്സരിക്കുമ്പോള്‍ രാകേഷ് കാലിയയും അമര്‍ഷത്തിലാണ്.
കുത്‌ലഹാറിൽ നിന്ന് ദേവേന്ദ്ര ഭൂട്ടോ വന്നപ്പോൾ വീരേന്ദ്ര കൻവാർ അസ്വസ്ഥനായി. സുജൻപൂരിലും ഹമീർപൂരിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ സഹായിച്ചതിന് ആറ് കോൺഗ്രസ് നേതാക്കൾക്കുമുള്ള പാർട്ടി സമ്മാനമെന്നോണമാണ് സീറ്റ് നൽകിയത്.
പുതിയ സഹപ്രവർത്തകര്‍ക്കൊപ്പം ബിജെപി നേതാക്കളും മണ്ഡലത്തിലേക്ക് :ബിജെപിയിൽ ചേർന്ന ആറ് കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളോടൊപ്പമാണ് അവരുടെ മണ്ഡലത്തിലേക്ക് തിരികെ പോയത്. സുധീർ ശർമ്മയ്‌ക്കൊപ്പം രാജീവ് ബിന്ദൽ, രാജീവ് ഭരദ്വാജ്, ബിക്രം താക്കൂർ, വിപിൻ പർമർ തുടങ്ങിയ നേതാക്കൾ ഉണ്ടായിരുന്നു. ഐഡി ലഖൻപാൽ മണ്ഡലത്തിലെത്തിയപ്പോള്‍ സിക്കന്ദർ കുമാർ, വിനോദ് താക്കൂർ തുടങ്ങിയ ബിജെപി നേതാക്കളും കൂടെയുണ്ടായിരുന്നു. പുതുമുഖങ്ങൾക്ക് പിന്തുണയും സ്‌നേഹവും ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.
മുന്‍ കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം അവരുടെ അനുയായികളും കോൺഗ്രസിലെ സഹപ്രവർത്തകരുമുണ്ട്. ആറ് സീറ്റില്‍ ആറും തങ്ങളുടെ അക്കൗണ്ടിൽ എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കുറഞ്ഞത് രണ്ട് സീറ്റെങ്കിലും നേടിയാൽ സർക്കാർ ശക്തമാകുമെന്ന് ഉറപ്പാക്കനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
വൈകാരിക സംഭാഷണം :ഈ രാഷ്‌ട്രീയ സാഹചര്യത്തിൽ, കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ നേതാക്കൾ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിൽ വികാരാധീനരാവുകയാണ്. പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വൈകാരികമായ സംഭാഷണമാണ് അവര്‍ നടത്തുന്നത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് തന്നെ 'വിൽക്കാൻ കഴിയുന്ന ആള്‍' എന്ന് വിളിച്ചു എന്നാണ് ധർമശാലയിലെ സോരാവർ സ്‌റ്റേഡിയത്തിൽ വച്ച് സുധീർ ശർമ്മ കണ്‌ഠം ഇടറിക്കൊണ്ട് പറഞ്ഞത്.
എന്നാൽ താന്‍ വിൽക്കപ്പെടുന്നവരുടെ കൂട്ടത്തിലില്ലെന്നും സുധീർ പറഞ്ഞു. ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് അമ്മയുടെ അനുവാദം വാങ്ങിയിട്ടുണ്ട്. അച്ഛന്‍റെ കാലത്തെ കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ് എന്ന് അമ്മ പറഞ്ഞിരുന്നു എന്നും സുധീര്‍ പറഞ്ഞു.
അതേസമയം ഐഡി ലഖൻപാലും പൊതുജനങ്ങളോട് മനസ് തുറന്നു. താന്‍ മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ലെന്നും അത്യാഗ്രഹമില്ലെന്നും ലഖൻപാൽ പറഞ്ഞു. ബർസാറിന്‍റെ വികസനം എന്ന വിഷയം മാത്രമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചത്. കോൺഗ്രസ് തങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നും ആത്മാഭിമാനം വ്രണപ്പെടുകയാണെന്നുമാണ് കോണ്‍ഗ്രസില്‍ നിന്നെത്തിയ നേതാക്കള്‍ പറയുന്നത്.
Also Read :രാജ്യത്തെ ഏറ്റവും വലിയ ധനിക ഇനി ബിജെപിക്കൊപ്പം, സാവിത്രി ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നത് മകന്‍ കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്കകം - Savitri Jindal Joins BJP