ഹൈദരാബാദ്: രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും. ഏഴ് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന്‍റെ അവസാന പ്രചാരണം ഇന്ന് സമാപിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രധാനമന്ത്രി നടത്തിയ റാലിയോടെയായിരുന്നു ബിജെപിയുടെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം.
ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് പതിനാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാജ്യത്ത് അങ്ങോളമിങ്ങോളമായി റോഡ് ഷോകളും റാലികളുമായി ആകെ 206 പൊതു പരിപാടികളിലാണ് പങ്കെടുത്തത്.
2019 ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരമേറിയപ്പോള്‍ അദ്ദേഹം നടത്തിയത് 145 പൊതു പരിപാടികളായിരുന്നു. ഇക്കുറി 76 ദിവസമാണ് പ്രചാരണങ്ങള്‍ക്കായി കിട്ടിയത്. അഞ്ച് വര്‍ഷം മുമ്പ് ഇത് 68 ദിവസമായിരുന്നു. 80 അഭിമുഖങ്ങളാണ് പ്രധാനമന്ത്രി വിവിധ മാധ്യമങ്ങള്‍ക്ക് അനുവദിച്ചത്. ഇതില്‍ പത്ത് വര്‍ഷത്തെ തന്‍റെ ഭരണനേട്ടങ്ങളാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുെടെ കൊട്ടിക്കലാശം. ഭരണഘടനാ സംരക്ഷണത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് 1984ലെ കലാപ കലാപത്ത് കൂട്ടത്തോടെ സിക്കുകാരെ കൊന്നൊടുക്കിയപ്പോള്‍ ഭരണഘടനയെ കുറിച്ച് അവര്‍ ഓര്‍ത്തില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയുടെ താരപ്രചാരകരായി രംഗത്തുണ്ടായിരുന്നു. മൂന്നാം വട്ടവും അധികാരത്തിലേറാമെന്ന മോഹത്തോടെയാണ് ബിജെപി ഇക്കുറി കളം നിറഞ്ഞത്.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്, എസ് ജയശങ്കര്‍, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, ഗിരിരാജ് സിങ്ങ്, നാരായണ്‍ റാണെ, മാന്‍സുഖ് മാണ്ഡവ്യ, തുടങ്ങിയവരും ബിജെപിക്കായി പ്രചാരണരംഗത്ത് ഉണ്ടായിരുന്നു. കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തിലുള്ള മറ്റ് കക്ഷികളെയും ഇവര്‍ കടന്നാക്രമിച്ചു.