ബെംഗളൂരു: തമിഴ് ജനതയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവന നടത്തിയ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയ്‌ക്കെതിരെയുള്ള അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദലജെ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്‌റ്റിസ് കൃഷ്‌ൾ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രസംഗം എന്ന് പറയുന്നത് മുത്ത് പൊഴിയുന്നത് പോലെയാകണമെന്ന് ബെഞ്ച് കരന്ദലജയെ ഉപദേശിച്ചു. കൂടാതെ, എങ്ങനെ സംസാരിക്കണമെന്ന് കക്ഷികള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്ന് കരന്ദലജെയുടെ അഭിഭാഷകനോട് ബെഞ്ച് വാക്കാൽ അറിയിച്ചു.
ബെംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ ശോഭ കരന്ദലജെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലെത്തി ബോംബ് സ്‌ഫോടനം നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നിങ്ങനെയാണ് കരന്ദലജെ നഗർപേട്ടയിൽ പറഞ്ഞത്.