ന്യൂഡല്‍ഹി:ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മണിക്കൂറുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ റാഞ്ചിയിലെ തന്‍റെ ഔദ്യോഗിക വസതിയില്‍ എത്തി. വസതിയിലെ നടക്കുന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. തിങ്കളാഴ്‌ച (ജനുവരി 29) അര്‍ധ രാത്രിയാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ റാഞ്ചിയിലെ വസതിയില്‍ എത്തിയത്.
ജാര്‍ഖണ്ഡിലെ മുഴുവന്‍ ഭരണ കക്ഷി നിയമസഭാംഗങ്ങളോടും യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അതേസമയം നാളെ (ജനുവരി 31) കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും ജെഎംഎം മുതിര്‍ന്ന നേതാവ് പറഞ്ഞു.
കാറും പണവും രേഖകളും പിടിച്ചെടുത്ത് ഇഡി: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വീട്ടില്‍ നിന്നും 36 ലക്ഷം രൂപയും ബിഎംഡബ്ല്യൂ എസ്‌യുവി കാറും ഇഡി പിടിച്ചെടുത്തു. ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെയാണ് കാറും പണവും ഏതാനും രേഖകളും ഇഡി പിടിച്ചെടുത്തത്. വസതിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ ഇഡി പരിശോധന നടത്തും.
കള്ളപ്പണം കേസില്‍ കുടുങ്ങി സോറന്‍:ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ജെഎംഎം സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ തന്നെ അരങ്ങേറിയെന്ന് പറയാം. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി മുഖ്യമന്ത്രി ഹേമന്ത് സോറന് സമന്‍സ് അയച്ചത്.