ന്യൂഡല്‍ഹി: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി ഡല്‍ഹി നഗരം. വ്യാഴാഴ്‌ചയാണ് (ജൂണ്‍ 27) ഉഷ്‌ണ തരംഗത്തിന് ആശ്വാസമായി ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മഴയെത്തിയത്. എന്നാല്‍ വ്യാഴാഴ്‌ചയെത്തിയ മഴ ഇന്നും തുടരുകയാണ്.
ഇന്ന് (ജൂണ്‍ 29) രാവിലെ 8.30 വരെ നഗരത്തില്‍ പെയ്‌തത് 228 മില്ലിമീറ്റര്‍ മഴയാണ്. കണക്കുകള്‍ പ്രകാരം 1936ന് ശേഷം ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണിത്. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
വെള്ളക്കെട്ടുള്ള റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങി കിടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് സകേത് മെട്രോ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരും ദുരിതത്തിലായി.
വസന്ത് വിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ തകര്‍ന്ന് തൊഴിലാളികള്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. പൊലീസും നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡല്‍ഹി മന്ത്രി അതിഷിയുടെ വസതിക്ക് മുന്നിലെ വെള്ളക്കെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ട സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി കൗണ്‍സിലര്‍ രംഗത്തെത്തി. മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതാണ് രണ്ട് ദിവസം മഴ പെയ്‌തപ്പോഴേക്കും നഗരം വെള്ളക്കെട്ടിലാകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഓടകള്‍ വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയില്ലെന്നും കൗണ്‍സിലര്‍ കുറ്റപ്പെടുത്തി.
Also Read:ഇടുക്കിയില്‍ തോരാമഴ: മണ്ണിടിച്ചില്‍ അതി രൂക്ഷം, കട്ടപ്പന-കുട്ടിക്കാനം റോഡിൽ ഗതാഗത തടസം