ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരാനിരിക്കേ കര്‍ണാടകയില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിനമാണിന്ന്. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര കന്നഡയില്‍ ഇന്ന് (സെപ്‌റ്റംബര്‍ 24) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലുണ്ടായ ഗംഗാവലി പുഴയ്‌ക്ക് സമീപം കനത്ത മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രമെ ഡ്രഡ്‌ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നടത്താന്‍ സാധിക്കൂവെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയില്‍ പുഴയിലെ വെള്ളം കലങ്ങുകയും ഒഴുക്കിന് തീവ്രത വര്‍ധിക്കുകയും ചെയ്യും. ഇതാണ് തെരച്ചിലിന് വെല്ലുവിളിയാകുക. മാത്രമല്ല ഏത് സമയത്തും മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയില്‍ തെരച്ചില്‍ തുടരുകയെന്നത് ഏറെ ദുഷ്‌കരമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് ഗംഗാവലി പുഴയുടെ തീരമേഖലയില്‍ ജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം ഇന്നലെ ഡ്രഡ്‌ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഏറെ ഫലപ്രദമായി തന്നെ നടന്നു. തെരച്ചിലില്‍ അര്‍ജുന്‍റെ ലോറിയുടെ ലൈറ്റ് റിഫ്ലക്‌റ്റര്‍ കണ്ടെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
തെരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് കര്‍ണാടക: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിവയ്‌ക്കില്ലെന്ന് ജില്ല ഭരണകൂടം അര്‍ജുന്‍റെ കുടുംബത്തിന് ഉറപ്പുനല്‍കി. എന്നാല്‍ പ്രതികൂല കാലാവസ്ഥയാണെങ്കില്‍ താത്‌കാലികമായി മാത്രം തെരച്ചില്‍ നിര്‍ത്തിവച്ചേക്കുമെന്നും ഭരണകൂടം അറിയിച്ചു. ഷിരൂരിലെ തെരച്ചില്‍ തൃപ്‌തികരമാണെന്ന് അര്‍ജുന്‍റെ കുടുംബം അറിയിച്ചു. ഇന്നലെ അര്‍ജുന്‍റെ സഹോദരിയും ഭര്‍ത്താവും ഡ്രഡ്‌ജറില്‍ എത്തി തെരച്ചില്‍ നിരീക്ഷിച്ചിരുന്നു.
നാവിക സേനയെത്തിയത് ആശ്വാസം: അര്‍ജുന്‍ മിഷനായി ഇന്നലെ (സെപ്‌റ്റംബര്‍ 23) നാവിക സേനയും ഷിരൂരിലെത്തിയിരുന്നു. മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെയെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാവിക സേന കൂടി എത്തിയതോടെ തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചു.
പുഴയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയ കോര്‍ഡിനേറ്റര്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ ആരംഭിച്ച് ഏതാനും സമയത്തിനുള്ളില്‍ തന്നെ മണ്ണിടിച്ചില്‍ പുഴയിലേക്ക് മറിഞ്ഞ ഇലക്‌ട്രിക് ടവറിന്‍റെ ഭാഗങ്ങള്‍ കണ്ടെത്താനായി. തുടര്‍ന്ന് ലോഹ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയില്‍ ഉപയോഗിച്ച കയറും ഏതാനും മരത്തടികളും കണ്ടെത്തി.
തെരച്ചില്‍ മറ്റ് ചില ലോഹഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അത് അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് തിരിച്ചറിഞ്ഞു. ഏറ്റവും ഒടുവിലായി വെള്ളത്തിനടിയില്‍ നിന്നും കണ്ടെത്തിയ ലൈറ്റ് റിഫ്ലക്‌ടറായി ഘടിപ്പിച്ചിരുന്ന ഇരുമ്പ് കമ്പിയുടെ ഭാഗവും കണ്ടെത്തി. ഇത് അര്‍ജുന്‍റെ ലോറിയിലേത് തന്നെയാണെന്ന് ഉടമ തിരിച്ചറിയുകയും ചെയ്‌തു. ഇത് മുന്നോട്ടുള്ള ദൗത്യത്തിന് ഏറെ കരുത്ത് പകരുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ കൂടി കണക്കിലെടുത്ത് മാത്രമായിരിക്കും ഇന്നത്തെ ദൗത്യം.
Also Read:ഷിരൂർ ദൗത്യം മൂന്നാം ദിവസം; പുഴയിൽ ഇറങ്ങാൻ മൽപെക്ക് വിലക്ക്