ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നിനും ജൂണ്‍ 20നും ഇടയില്‍ രാജ്യത്തുണ്ടായ ഉഷ്‌ണതരംഗം 143 ജീവനുകള്‍ അപഹരിച്ചെന്നും 41,789 പേരെ ബാധിച്ചെന്നും ആരോഗ്യമന്ത്രാലയം. അതേസമയം മരണസംഖ്യ ഇതിലുമേറെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഉഷ്‌ണ തരംഗത്തില്‍ മരിച്ചവരുടെ കണക്കുകള്‍ ചില ആശുപത്രികള്‍ കൈമാറിയിട്ടില്ല. വ്യാഴാഴ്‌ച (ജൂണ്‍ 20) മാത്രം ഉഷ്‌ണ തരംഗത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഇതിന് പുറമെ മറ്റ് 9 മരണങ്ങളും ഉഷ്‌ണതരംഗം മൂലമാണെന്ന സൂചനയുണ്ട്. ഇതോടെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ രാജ്യത്ത് ഉഷ്‌ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 114ല്‍ നിന്ന് 143 ആയി.
ഉത്തര്‍പ്രദേശിലാണ് ഉഷ്‌ണ തരംഗം മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 35 പേരാണ് ഇവിടെ ഉഷ്‌ണ തരംഗത്തില്‍ മരിച്ചത്. തൊട്ടുപിന്നാലെ ഡല്‍ഹിയാണ്. 21 പേര്‍ക്ക് ഡല്‍ഹിയില്‍ ചൂട് മൂലം ജീവന്‍ നഷ്‌ടമായി. രാജസ്ഥാനില്‍ 17 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.