ഹൈദരാബാദ്: സുസൂക്കി ഹയാബുസയുടെ പുതുക്കിയ പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ബൈക്ക് അടുത്ത വർഷം പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വേഗതയിൽ കേമനായ ഈ സൂപ്പർ ബൈക്ക് ഇന്ത്യയിൽ എന്ന് വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് പുതിയ നിറങ്ങളോടുകൂടിയ കോസ്മെറ്റിക് നവീകരണത്തോടെയാണ് ഹയാബുസയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കുക.
പുതിയ സുസൂക്കി ഹയാബുസയുടെ നിറത്തിലും എഞ്ചിനിലുമാണ് കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വാഹനത്തിന്‍റെ ലോഞ്ച് കൺട്രോൾ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മെറ്റാലിക് മാറ്റ് ഗ്രീൻ/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ, ഗ്ലാസ് സ്‌പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മിസ്റ്റിക് സിൽവർ/പേൾ വീഗോർ ബ്ലൂ എന്നിങ്ങനെ ആകർഷകമായ മൂന്ന് പുതിയ നിറങ്ങളിലാണ് സുസുക്കി ഹയാബുസ വരുന്നത്.
മെച്ചപ്പെട്ട വേഗതയ്‌ക്കായി ലോഞ്ച് കൺട്രോൾ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ സിസ്റ്റവും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. മികച്ച റൈഡിങ് അനുഭവം നൽകുന്നതിനായി ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റ് സിസ്റ്റവും നൽകിയിട്ടുണ്ട്. 1,340 സിസി ഇൻ-ലൈൻ ഫോർ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9,700 ആർപിഎമ്മിൽ 190 ബിഎച്ച്‌പി പവറും 7,000 ആർപിഎമ്മിൽ 142 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ എഞ്ചിന് സാധിക്കും. 6 സ്‌പീഡ് ഗിയർബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്.
സുസൂക്കി ഹയാബുസയുടെ ഹാർഡ്‌വെയർ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, വാഹനത്തിന്‍റെ മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകളും ലിങ്ക്-ടൈപ്പും കോയിൽ സ്പ്രിങും ഉൾപ്പെടെ നൽകിയിട്ടുണ്ട്. മുൻവശത്ത് ബ്രേക്കിങിനായി 4-പിസ്റ്റണുകളും ഇരട്ട ഡിസ്‌കുകളുമുള്ള ബ്രെംബോ സ്റ്റൈലെമ കാലിപ്പറുകളാണ് നൽകിയിരിക്കുന്നത്. അതേസമയം പിൻവശത്ത് ബ്രേക്കിങിനായി ഒരു ഡിസ്‌ക്കുള്ള സിംഗിൾ പിസ്റ്റണുള്ള നിസിൻ കാലിപ്പറാണ് നൽകിയിരിക്കുന്നത്. രണ്ട് ഡിസ്‌ക് ബ്രേക്കുകളിലും എബിഎസ് സജ്ജീകരിച്ചിട്ടുണ്ട്.
17 ഇഞ്ച് ബ്രിഡ്‌ജ്‌സ്റ്റോൺ ട്യൂബ്‌ലെസ് ടയറിലാണ് പുതിയ ഹയാബുസയ്‌ക്ക് നൽകിയിരിക്കുന്നത്. പുതുക്കിയ പതിപ്പിന് ഇപ്പോൾ ടിഎഫ്‌ടി സ്‌ക്രീനും ലഭിക്കും. ക്രൂയിസ് കൺട്രോൾ, എബിഎസ്, ആൻ്റി-തെഫ്റ്റ് കൺട്രോൾ, സ്‌പീഡ് ലിമിറ്റർ, മൾട്ടിപ്പിൾ പവർ മോഡുകൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഹിൽ-ഹോൾഡ് സിസ്റ്റം എന്നിങ്ങനെയുള്ള ഇലക്ട്രോണിക് എയ്‌ഡുകളും നൽകിയിട്ടുണ്ട്.
Also Read:
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- സ്വർണം പൂശിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: റീൽസ് എടുത്തോ...ടാഗ് ചെയ്‌തോ.. വാഹനം സ്വന്തമാക്കാം
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ