കോയമ്പത്തൂർ/ഹൈദരാബാദ് : കേരള ജനതയ്ക്ക് ഇനിയുള്ള കാലമത്രയും ഉണങ്ങാത്ത മുറിവായിരിക്കും വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍. ഔദ്യോഗിക മരണസംഖ്യ 225 ആണെങ്കിലും മണ്ണിടിച്ചിലിൽ 400-ല്‍ അധികം ആളുകൾ മരിച്ചതായി പ്രദേശവാസികൾ പറയുന്നു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ കാണാതായ 131 പേർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കോയമ്പത്തൂരില്‍ നിന്നുള്ള ഡെല്‍റ്റ റെസ്ക്യൂ ടീം തലവന്‍ ഈസന്‍ ഇടിവി ഭാരതിനോട് അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ഉരുള്‍പൊട്ടലിന്‍റെ ആകാശ ദൃശ്യം (ETV Bharat) ആരാണ് ഡെൽറ്റ റെസ്ക്യൂ ടീം?
നേവിയിൽ ലെഫ്റ്റനന്‍റ് കമാൻഡറായി സേവനമനുഷ്‌ഠിച്ച ഈസൻ സ്വമേധയ വിരമിച്ച ശേഷം ഡെൽറ്റ റെസ്ക്യൂ ടീം എന്ന പേരിൽ ഒരു സംഘം രൂപീകരിക്കുകയായിരുന്നു. മൂന്ന് സായുധ സേനകളിൽ സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥരാണ് ടീമില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) കീഴിലുള്ള ഈ രക്ഷാസംഘം ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരാണ്.
വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം?
വയനാട് ഞങ്ങളുടെ ആദ്യ അനുഭവമല്ല, ടീമിന്‍റെ 19-ാമത് ദൗത്യമാണ്. കേരളത്തിലെ ഞങ്ങളുടെ മൂന്നാമത്തെ അസൈൻമെന്‍റ് കൂടിയാണിത്. 2018-ലെ വെള്ളപ്പൊക്കത്തിൽ ഞങ്ങൾ അവിടെ പോയി രക്ഷാപ്രവർത്തനം വൻതോതിൽ നടത്തിയിരുന്നു. അന്നും നാശനഷ്‌ടം വ്യാപകമായിരുന്നു.
ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വയനാട്ടില്‍ ദുരന്തം ബാധിച്ച പ്രദേശം കുറവാണെങ്കിലും ജീവനോടെ ഒരാളെപ്പോലും രക്ഷിക്കാൻ ഞങ്ങളുടെ ടീമിന് അവസരം ലഭിച്ചില്ല എന്നതിൽ ഖേദമുണ്ട്. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ സേനയും ഞങ്ങൾക്കും മുൻപേ ദുരന്ത മുഖത്ത് ഇറങ്ങിയ സൈന്യവും നിരവധി പേരെ ജീവനോടെ രക്ഷപെടുത്തി. ഞങ്ങള്‍ക്ക് ജീവനില്ലാത്ത മൃതദേഹങ്ങൾ മാത്രമേ വീണ്ടെടുക്കാനായുള്ളൂ.
ദുരന്തമുഖത്ത് നിന്നും (ETV Bharat) മറ്റ് ഉരുൾപൊട്ടലുകളെ അപേക്ഷിച്ച് വയനാട് എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു?
വയനാട്ടിൽ മണ്ണ് മാറ്റി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് മൃതദേഹങ്ങൾ മാത്രമേ കണ്ടെത്താനായുള്ളൂ. ഒരാളെയെങ്കിലും ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സാധാരണ ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളില്‍ ആളുകൾ ഏതെങ്കിലും തരത്തിലുള്ള പോക്കറ്റിലോ മറ്റോ കുടുങ്ങുന്ന സംഭവങ്ങളുണ്ടാകാറുണ്ട്.
ഒട്ടും പരിക്കേൽക്കാതെയോ ചെറിയ പരുക്കുകളോടെയോ ഇത്തരത്തില്‍ ആളുകളെ കണ്ടെത്താറുണ്ട്. എന്നാൽ വയനാട്ടിൽ അത്തരത്തില്‍ യാതൊരു സാധ്യതയുമില്ലായിരുന്നു. മൃതദേഹങ്ങളും അവയവങ്ങളും മാത്രമാണ് ലഭിച്ചത്.
കൈ മാത്രം അല്ലെങ്കില്‍ കാല് മാത്രം, തല, എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു. ആന്തരികാവയവങ്ങൾ ചിലയിടങ്ങളിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ആളുകള്‍ ഞങ്ങളുടെ അടുത്ത് വന്ന് കുടലിന്‍റെ ഭാഗവും തലച്ചോറുമെല്ലാം ലഭിച്ചട്ടുണ്ടെന്നും അത് അന്വേഷിക്കാൻ വരണമെന്നും പറയുന്ന സ്ഥിതിയുണ്ടായി. മൃതദേഹങ്ങൾ തിരിച്ചറിയുക എന്നതാണ് സർക്കാരിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. നെയിൽ പോളിഷ്, കുട്ടിയുടെ വിരലിലെ മോതിരം തുടങ്ങിയവ ഉപയോഗിച്ച് പോലും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ സംഭവവുമുണ്ടായി.
എന്തുകൊണ്ട് ഇത്തരത്തില്‍ ഭീകരമാകുന്നു ദുരന്തമുഖം ?
ദുരന്തമുഖത്ത് നിന്നും (ETV Bharat) എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ, ഉരുള്‍പൊട്ടലില്‍ വലിയ പാറകളും കൂറ്റൻ മരങ്ങളും മറ്റുമാണ് കടപുഴകി വെള്ളത്തിനൊപ്പം വരുന്നത്. ഇവ മനുഷ്യരുടെ മേൽ വീണാൽ എന്ത് സംഭവിക്കും? അവര്‍ ഇതിനിടയില്‍പ്പെട്ട് ചതഞ്ഞ് മരിക്കും. നാലുപേർ കെട്ടിപ്പിടിച്ചാല്‍ പോലും ചുറ്റാന്‍ പറ്റാത്തത്ര വലിപ്പമുള്ള മരങ്ങൾ വയനാട്ടില്‍ വേരോടെ ഒഴുകിയെത്തിയിരുന്നു. അവ വെട്ടിമാറ്റുന്നതും വലിയ വെല്ലുവിളിയായിരുന്നു.
അതേസമയം തങ്ങളുടെ രക്ഷാപ്രവർത്തനത്തിനിടെ ഒരു വന്യജീവിയും കഷ്‌ടപ്പെടുന്നതും മരിക്കുന്നതും കണ്ടിട്ടില്ലെന്ന് ഈസന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. സ്വാഭാവിക സഹജാവബോധം മൂലമാകാം അവ പ്രകൃതി ദുരന്തം മുന്നില്‍ കണ്ട് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ആനകളുടെയോ കിങ് കോബ്രകളുടെയോ ജഡങ്ങളേതും രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയിട്ടില്ലെന്ന് ഈസൻ വ്യക്തമാക്കി.
Also Read :അങ്ങനയെങ്കില്‍ വയനാട്ടില്‍ ജീവന്‍ നഷ്‌ട്ടപ്പെടില്ലായിരുന്നു, ഉരുൾപൊട്ടൽ ഭീഷണിക്കും എഐ പരിഹാരം; എൻജിആർഐ മുന്‍ ചീഫ് സയൻ്റിസ്റ്റ് ഇടിവി ഭാരതിനോട്