കേരളം

kerala

ETV Bharat / bharat

ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുമതി നല്‍കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി - Vyas Tehkhana Of Gyanvapi Mosque

ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാമെന്ന് സുപ്രീംകോടതി.

GYANVAPI MOSQUE  SUPREME COURT  VYAS TEHKHANA  SC REFUSES TO STOP PUJA
SC Refuses To Stop Puja In 'Vyas Tehkhana' Of Gyanvapi Mosque

By ETV Bharat Kerala Team

Published : Apr 1, 2024, 8:56 PM IST

ന്യൂഡൽഹി :ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിയ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. 2024 ജനുവരി 31 ലെ വാരണാസി ജില്ല കോടതിയുടെ ഉത്തരവിനനുസൃതമായി ഹിന്ദുക്കൾക്ക് പൂജ നടത്തുന്നത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഇരു സമുദായക്കാർക്കും മതപരമായ പ്രാർഥനകൾ നടത്താൻ കഴിയുന്ന വിധം ഗ്യാൻവാപി പരിസരത്ത് തൽസ്ഥിതി നിലനിർത്താനും കോടതി ഉത്തരവിട്ടു.

പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശന സ്ഥലവും, മുസ്ലിങ്ങൾ പ്രാർഥിക്കുന്ന സ്ഥലവും വ്യത്യസ്‌തമാണെന്ന് കോടതി നിരീക്ഷിച്ചു. തെക്ക് ഭാഗത്ത് നിന്ന് പ്രവേശിക്കുന്ന ഹിന്ദുക്കൾ നിലവറയിൽ പ്രാർഥിക്കുകയും മുസ്ലിങ്ങൾ വടക്ക്‌ ഭാഗത്ത് നമസ്‌കരിക്കുകയും ചെയ്യും. കേസിൽ അന്തിമ വിധി വരുന്നത് വരെ ഈ ക്രമീകരണം തുടരണമെന്നും ബെഞ്ച് വ്യക്തമാക്കി.

വാരണാസി ജില്ല കോടതി നല്‍കിയ അനുമതിക്കെതിരായ ഹര്‍ജികള്‍ നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു മസ്‌ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപിയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്‌ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തത്‌കാലം രണ്ടും തുടരട്ടെയെന്ന് നിര്‍ദേശിച്ചു. മുസ്ലിം കക്ഷികൾ സമർപ്പിച്ച അപ്പീലിൽ മറു വിഭാഗത്തിന്‌ കോടതി നോട്ടിസ് അയച്ചു. ജൂലൈയിൽ വിഷയം വീണ്ടും പരിഗണിക്കും.

ഗ്യാൻവാപി പള്ളിയിലെ മുദ്രവച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് വാരണാസി ജില്ല കോടതി അനുമതി നൽകിയത് ജനുവരി 31നായിരുന്നു. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ വാരണാസി ജില്ല ഭരണകൂടത്തിനും കോടതി നിർദേശം നൽകിയിരുന്നു. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് മസ്‌ജിദിലെ നിലവറയിൽ പൂജ നടത്താൻ ജില്ല കോടതി അനുമതി നൽകിയത്.

1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്‍റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25-ാം ആനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

ALSO READ:ഗ്യാൻവാപി പള്ളി കേസ്; എഎസ്ഐ സർവ്വേ റിപ്പോർട്ട് അടിസ്ഥാനരഹിതം; ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ABOUT THE AUTHOR

...view details