വാരണാസി (ഉത്തർപ്രദേശ്): ഗ്യാൻവാപി മസ്‌ജിദിന്‍റെ (Gyanvapi mosque) ചുവരുകളിൽ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ കാണപ്പെട്ടതായി ഹിന്ദു പക്ഷ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ (Adv. Hari Shankar Jain). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട് അനുസരിച്ചാണ് അഭിഭാഷകന്‍റെ പ്രസ്‌താവന. പതിനേഴാം നൂറ്റാണ്ടിലെ ഗ്യാൻവാപി മസ്‌ജിദിന്‍റെ പടിഞ്ഞാറൻ മതിൽ 5000 വർഷം പഴക്കമുള്ളതാണെന്നും അത് ഒരു ക്ഷേത്രത്തിന്‍റേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ചതാണ് ഗ്യാൻവാപി മസ്‌ജിദെന്ന് ഹിന്ദു ഹരജിക്കാർ അവകാശപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജില്ല കോടതി എഎസ്ഐ സർവേയ്ക്ക് ഉത്തരവിട്ടത്. നിലവിലെ കെട്ടിടം നിർമിക്കാൻ ഒരു ഹിന്ദു ക്ഷേത്രം തകർത്തു എന്നാണ് എഎസ്ഐ റിപ്പോർട്ട് (ASI Survey Report Gyanvapi mosque).
പടിഞ്ഞാറൻ മതിലിന് 5000 വർഷം പഴക്കമുണ്ട്, ഇത് ഒരു ഹിന്ദു ക്ഷേത്രത്തിൻ്റേതാണ്. കെട്ടിടത്തിൻ്റെ ചുവരുകളിൽ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ കണ്ടെത്തിയതായി എഎസ്ഐ റിപ്പോർട്ടിൽ പറയുന്നു. കന്നഡ, തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള തിരുവെഴുത്തുകൾ കണ്ടെത്തിയിട്ടുണ്ട്.
എഎസ്ഐ റിപ്പോർട്ടിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹിന്ദു പക്ഷത്തിൻ്റെ മറ്റൊരു അഭിഭാഷകൻ സുധീർ ത്രിപാഠി പറഞ്ഞു. തൂണുകളെക്കുറിച്ചും പടിഞ്ഞാറ് ഭാഗത്തെ മതിലിനെക്കുറിച്ചും റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. ഭിത്തികളിൽ ഹിന്ദു ദേവതകളുടെ ശിൽപങ്ങളും കൊത്തുപണികളുള്ള വാസ്‌തുശില്‍പങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഘടനയുടെ മറ്റ് ഭാഗങ്ങളും സർവേ ചെയ്യണമെന്ന് ഹിന്ദു പക്ഷത്ത് നിന്നുള്ള ഹർജിക്കാരിയായ ലക്ഷ്‌മി ദേവി ആവശ്യപ്പെട്ടു. മുമ്പ് ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. തങ്ങൾക്ക് വളരെ സന്തോഷമുണ്ടെന്നും മറ്റ് ഭാഗങ്ങളിലും സർവേ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുമെന്നും ഹർജിക്കാരി പറഞ്ഞു.
അതേസമയം, പതിനേഴാം നൂറ്റാണ്ടിൽ ഒരു ക്ഷേത്രം തകർത്തതായും ഗ്യാൻവാപി മസ്‌ജിദിന്‍റെ പടിഞ്ഞാറൻ മതിൽ ക്ഷേത്രത്തിൻ്റേതാണെന്നും (എഎസ്ഐ) റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also read:'ഗ്യാന്‍വാപി മസ്‌ജിദ് സ്ഥിതി ചെയ്യുന്നത് ക്ഷേത്രം നിലനിന്നിരുന്നയിടത്ത്'; എഎസ്‌ഐ റിപ്പോര്‍ട്ട് പുറത്ത്
എഎസ്ഐ റിപ്പോർട്ട് അനുസരിച്ച്, മുസ്ലീം പള്ളിയിൽ നിന്ന് ഒരു ലിഖിതം കണ്ടെത്തി. ഹിന്ദു ക്ഷേത്രത്തിൽ നിന്നുള്ളതാണ് തൂണുകൾ. പടിഞ്ഞാറൻ മതിൽ ഹിന്ദു ക്ഷേത്രത്തിൻ്റേതാണെന്ന് എഎസ്ഐ പറഞ്ഞു.
ജില്ല കോടതിയുടെ നിര്‍ദേശപ്രകാരം ജൂലൈ 21നാണ് മസ്‌ജിദ് പരിസരത്ത് ആര്‍ക്കിയോളജി ഓഫ് ഇന്ത്യ സർവേ നടത്തിയത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മസ്‌ജിദ് ഇത്രയും കാലം സ്ഥിതി ചെയ്‌തത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് കോടതി എഎസ്‌ഐയോട് ശാസ്‌ത്രീയ സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടത്. സര്‍വേ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡിസംബര്‍ 18ന് മുദ്രവച്ച കവറിൽ പഠന റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ജില്ല കോടതിയില്‍ സമര്‍പ്പിച്ചു (Archaeological Survey of India).