സഹാറൻപൂർ: വിവാഹത്തിന് വധൂവരന്മാർ എത്തുന്ന വാഹനങ്ങളിൽ വ്യത്യസ്‌തത കൊണ്ടുവരുന്നതാണ് ഇപ്പോൾ പൊതുവേ കണ്ടുവരുന്ന ട്രെൻഡ്. അത്യാഢംബര കാറുകൾ മുതൽ ജെസിബിയും സൈക്കിളുമടക്കമുള്ള പല വാഹനങ്ങൾ ഇതിനായി ഉപയോഗിച്ച വാർത്തകൾ നാം കണ്ടിട്ടുണ്ട്. ഇതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒരു കല്യാണ വണ്ടിയാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിലെ മുഹമ്മദ് തയ്യബ് എന്നയാൾ തൻ്റെ വിവാഹത്തിന് ഉപയോഗിച്ചത് (Groom Arrives Wedding Venue on Hydra Machine).
ഹൈഡ്രോളിക് ക്രെയിനിൽ കയറി നിന്നാണ് മുഹമ്മദ് തയ്യബും കൂട്ടരും വധൂഗൃഹത്തിലേക്ക് എത്തിയത്. പുഷ്‌പലതാദികൾ കൊണ്ട് അലങ്കരിച്ച ഹൈഡ്രോളിക് ക്രെയിനില്‍ കയറിയ വരന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് പന്ത്രണ്ടിലധികം കാറുകൾ അകമ്പടി സേവിച്ചു. വ്യത്യസ്‌തമായ വിവാഹ ഘോഷയാത്രകാണാൻ വേണ്ടി മാത്രം വധുവിൻ്റെ വീടിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
തൻ്റെ വിവാഹ ഘോഷയാത്ര പുതുമയുള്ളതായിരിക്കണമെന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി മുഹമ്മദ് തയ്യബ് പറഞ്ഞു. ഘോഷയാത്രയെ എങ്ങനെ വ്യത്യസ്‌തമാക്കാമെന്ന് തന്‍റെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആലോചിച്ചിരുന്നതായും തയ്യബ് വെളിപ്പെടുത്തി. ഘോഷയാത്രയിൽ ട്രാക്‌ടറും, ബിഎംഡബ്ല്യു കാറും മുതല്‍ ഹെലികോപ്റ്റര്‍ ഉൾപ്പെടുത്താന്‍ വരെ ആളുകൾ ഉപദേശിച്ചു. എന്നാൽ ഇതെല്ലം പലരും ഉപയോഗിച്ച പഴകിയ ആശയമായതിനാലാണ് ക്രെയിനിലേക്ക് എത്തിയതെന്നും തയ്യബ് പറഞ്ഞു.