മാര്‍ച്ച് 31 ഇന്ത്യ മഹാരാജ്യത്തിന്‍റെ ഊര്‍ജ്ജമേഖലയില്‍ വന്‍ വിപ്ലവം കൊണ്ടുവരുന്ന ദിനമാണ്. അന്ന് നമ്മുടെ റെയില്‍പ്പാതകളിലൂടെ ഹൈഡ്രജന്‍ ട്രെയിനിന്‍റെ ചക്രങ്ങള്‍ ചരിത്രത്തിലേക്ക് ഉരുളും. ആവി എന്‍ജിനില്‍ തുടങ്ങി, കല്‍ക്കരിയും പിന്നിട്ട്, വൈദ്യുതിയും കടന്ന് പുതു ചരിത്രത്തിലേക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ചൂളം വിളിക്ക് കാതോര്‍ക്കുകയാണ് രാജ്യം .
ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറിയില്‍ ഹൈഡ്രജന്‍ ട്രെയിനിന്‍റെ അവസാനവട്ട നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജന്‍ എന്‍ജിനുള്ള ട്രെയിനാണ് ഇന്ത്യ ട്രാക്കിലിറക്കുന്നതെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ സുബ്ബ റാവു പറഞ്ഞു. ഇതുവരെ ലോകത്ത് നിര്‍മ്മിച്ച ഹൈഡ്രജന്‍ ട്രെയിന്‍ എന്‍ജിനുകളുടെ ശേഷി അഞ്ഞൂറ് മുതല്‍ അറുനൂറ് കുതിര ശക്തിയാണ്. ഇന്ത്യ നിര്‍മ്മിച്ചതാകട്ടെ 1200 കുതിരശക്തിയുള്ള എന്‍ജിനും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിസ്ഥിതി മലിനീകരണം തെല്ലുമില്ലെന്നതാണ് ഈ ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ചെലവ് കുറവാണെന്നതും വലിയ നേട്ടമാണ്. ഹൈഡ്രജന്‍ ട്രെയിന്‍ നിരക്കുകള്‍ നിലവിലെ നിരക്കുകളെക്കാള്‍ വളരെ കുറവാണ്. ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ഇരട്ടിയുമാണ്. ഇതും നിരക്ക് കുറയ്ക്കാന്‍ സഹായകമാകും.
2400 കോടി രൂപ പദ്ധതിക്കായി ഇതിനകം തന്നെ നിക്ഷേപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ 35 ട്രെയിനുകളാണ് സര്‍വീസ് നടത്തുക. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ മാര്‍ച്ച് 31ന് ജിന്ദില്‍ നിന്ന് സോനിപഥിലേക്കുള്ള 89 കിലോമീറ്റര്‍ ദൂരം ഓടും. മണിക്കൂറില്‍ 140 കിലോമീറ്ററാണ് ട്രെയിനിന്‍റെ വേഗത.
നമ്മുടെ രാജ്യത്തെ ഹൈഡ്രജന്‍ ട്രെയിനിന് ആവശ്യമായ ഇന്ധനം ഉത്പാദിപിക്കുന്നത് എന്‍ടിപിസി യുടെ ( നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ) ആന്ധ്രാപ്രദേശിലെ ഹരിത ഹൈഡ്രജന്‍ ഹബ്ബിലാണ്. 1.85 ലക്ഷം കോടി രൂപയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ഹരിത ഹൈഡ്രജന്‍ പദ്ധതിക്ക് വേണ്ടി നിക്ഷേപിച്ചിരിക്കുന്നത്. പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജോത്പാദനത്തിനായി ഹരിത ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ പുഡിമഡക്കയിലാണ്. പദ്ധതി ഇന്ത്യയെ ആഗോള ഹരിത ഹൈഡ്രജന്‍ ഭൂപടത്തില്‍ മുന്‍നിരക്കാരായി തന്നെ അടയാളപ്പെടുത്തും. എന്താണ് ഹരിത ഹൈഡ്രജന്‍ ഇത്രയേറെ പ്രാധാന്യം അര്‍ഹിക്കാന്‍ കാരണം, രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷയില്‍ പദ്ധതി എന്ത് കൊണ്ടാണ് നാഴികല്ലാകുന്നത്? പരിശോധിക്കാം
എന്ത് കൊണ്ട് ഹരിത ഹൈഡ്രജന്‍?
ഹൈഡ്രജന്‍റെ ഏറ്റവും സുസ്ഥിരമായ ഊര്‍ജ്ജ രൂപമാണ് ഹരിത ഹൈഡ്രജന്‍. ഇലക്‌ട്രോളിസിസിലൂടെയാണ് ഇത് നിര്‍മ്മിക്കുന്നത്. ചാര, നീല ഹൈഡ്രജന്‍ ഫോസില്‍ ഇന്ധനങ്ങളെ പോലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുമ്പോള്‍ ഹരിത ഹൈഡ്രജന്‍ പൂര്‍ണമായും കാര്‍ബണ്‍മുക്തമാണ്. ഈ പ്രത്യേകത കൊണ്ട് തന്നെ ഉരുക്ക്, വളം, എണ്ണശുദ്ധീകരണ ശാല, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്ക് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഇന്ധനമാകുമിത്. 2070ഓടെ പൂര്‍ണമായും കാര്‍ബണ്‍ മുക്തമാകുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഇന്ത്യ പോലൊരു രാജ്യത്തിന് ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഹരിത ഹൈഡ്രജന്‍ നിര്‍ണായകമായ ഒരു വഴിയാണ് തുറന്ന് നല്‍കുന്നത്. ഇതിലൂടെ കാലാവസ്ഥ വ്യതിയാനത്തിനും ഒരു അറുതിയാകും.
എന്‍ടിപിസിയുടെ പദ്ധതി; കാര്യങ്ങള്‍ മാറ്റി മറിക്കും
1600 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ് എന്‍ടിപിസിയുടെ ഹരിത ഹൈഡ്രജന്‍ ഹബ്ബ്. സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍, ഇലക്‌ട്രോലൈസറുകള്‍, ഹരിത രാസ നിര്‍മാണം, ഡിസാലിനേഷന്‍ പ്ലാന്‍റുകള്‍, ട്രാന്‍സ്മിഷന്‍ കോറിഡോര്‍ എന്നിവയടക്കം ഇതില്‍ വിഭാവന ചെയ്‌തിട്ടുണ്ട്. പ്രതിവര്‍ഷം 1500 ടണ്‍ ഹരിത ഹൈഡ്രജന്‍, 7500 ടണ്‍ ഗ്രീന്‍ മെതനോളും സുസ്ഥിര വ്യോമ ഇന്ധനവുമടക്കം ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണത്തില്‍ പദ്ധതിക്ക് സമഗ്രമായ സമീപനമാണ് ഉള്ളത്. പാരിസ്ഥിതിക നേട്ടങ്ങള്‍ക്കപ്പുറം പദ്ധതി ആന്ധ്രാപ്രദേശിലേക്ക് 1.85 ലക്ഷം കോടിരൂപയുടെ നിക്ഷേപവുമെത്തിക്കുന്നു. ഇതിന് പുറമെ തൊഴില്‍ സൃഷ്‌ടിക്കുകയും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം
ഈ മാറ്റത്തിന്‍റെ യാത്രയ്ക്ക് 2023ലാണ് രാജ്യത്തെ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിലൂടെ തുടക്കമായത്. 2030ഓടെ അന്‍പത് ലക്ഷം മെട്രിക് ടണ്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ആറ് ലക്ഷം തൊഴില്‍ സൃഷ്‌ടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒപ്പം ഫോസില്‍ ഇന്ധന ഇറക്കുമതി ഒരു ലക്ഷം കോടി രൂപയിലേക്ക് കുറയ്ക്കാനാകുമെന്നും വിലയിരുത്തുന്നു. സ്ട്രാറ്റജിക് ഇന്‍റര്‍വെന്‍ഷന്‍സ് ഫോര്‍ ഗ്രീന്‍ ഹൈഡ്രജന്‍ ട്രാന്‍സിഷന്‍ ഫണ്ടായി 13000 കോടി രൂപ അനുവദിച്ചു. ഇത് ചോദന വര്‍ദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാനും വിനിയോഗിക്കാം. ഇതിലൂടെ ഇന്ത്യയെ ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തില്‍ ലോകത്തിന്‍റെ മുന്‍ നിരയില്‍ എത്തിക്കാന്‍ സാധിക്കും.
വെല്ലുവിളികള്‍
ഹരിത ഹൈഡ്രജന്‍ വന്‍ സാധ്യതകള്‍ നമുക്ക് മുന്നില്‍ തുറന്നിടുമ്പോള്‍ ധാരാളം വെല്ലുവിളികളും നാം നേരിടുന്നുണ്ട്.ആവശ്യമായ വലിയ ഉത്പാദന ചെലവാണ് ഒന്നാമത്തെ പ്രശ്നം. കിലോയ്ക്ക് 3.5 ഡോളര്‍മുതല്‍ 5.5 ഡോളര്‍ വരെയാണ് ചെലവ്. ചാര, നീല ഹൈഡ്രഡന്‍റെ ഉത്പാദനച്ചെലവാകട്ടെ കിലോയ്ക്ക് 1.9 ഡോളര്‍ മുതല്‍ 2.4 ഡോളര്‍ വരെ മാത്രമാണ്. ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന ഇലക്‌ട്രോ ലൈസര്‍ സാങ്കേതികതയും ചെലവേറിയതാണ്. ഇതിന് 500 ഡോളര്‍ മുതല്‍ 1800 ഡോളര്‍വരെയാണ് കിലോവാട്ടിന് വേണ്ടി വരുക. പരിമിതിമായ ആഭ്യന്തര ഉത്പാദന ശേഷി മാത്രമുള്ള ഇലക്‌ട്രോലൈസേഴ്‌സിനും അനുബന്ധ സാമഗ്രികളായ മെമ്പ്രയിനുകള്‍, കംപ്രസറുകള്‍, കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവയ്ക്കും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരും.
ഇതെല്ലാം നിക്ഷേപകര്‍ക്ക് കനത്ത നഷ്‌ടമുണ്ടാക്കാം. ഇതിന് പുറമെ ഉത്പാദന ക്ഷമമല്ലാത്ത മൂലധന ആസ്‌തികളില്‍ നിക്ഷേപിക്കേണ്ടിയും വരും. ഇത്തരത്തിലുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആവശ്യമുണ്ടോയെന്ന ചോദ്യം നിക്ഷേപകരില്‍ നിന്നുയര്‍ന്നേക്കാം. ഇതൊരു വലിയ വെല്ലുവിളിയാണ്. അത് കൊണ്ട് തന്നെ കാര്‍ബണ്‍ മുക്ത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിന്‍റെ നയരൂപീകരണ ഘട്ടത്തിലും വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
നമുക്ക് മുമ്പേ ഈ രംഗത്ത് എത്തിയവര്‍ വേഗത്തിലും ചെലവു കുറഞ്ഞ രീതികളിലും കൂടുതല്‍ കാര്യക്ഷമമായി ഇവ നടപ്പാക്കുന്നു എന്നതും രാജ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പണം കണ്ടെത്തുക എന്നതും മറ്റൊരു വെല്ലുവിളിയാണ്. ഈ രംഗത്ത് സൈറ്റ് ഫണ്ടുകള്‍ പോലുള്ള നിര്‍മ്മാണ ഇന്‍സെന്‍റീവുകളിലൂടെ നാം ഒരു ചുവട് മുന്നോട്ട് വച്ചെങ്കിലും സാമ്പത്തിക കടമ്പകള്‍ കടക്കാനുള്ള സമഗ്ര നയരൂപരേഖ അത്യന്താപേക്ഷിതമാണ്. ദീര്‍ഘകാല ഹൈഡ്രജന്‍ വാങ്ങല്‍ കരാറുകള്‍, ഭാഗിക വായ്‌പ ഉറപ്പുകള്‍, സബ്‌സിഡികള്‍ എന്നിവ നിക്ഷേപ വെല്ലുവിളികള്‍ കുറയ്ക്കാന്‍ സഹായകമാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും നന്നാകും.
ഇന്ത്യയ്ക്കുള്ള അവസരങ്ങള്‍