ബംഗളൂരു (കർണാടക): ഐടി ജീവനക്കാരുടെ തൊഴില്‍സമയം പ്രതിദിനം 12 മണിക്കൂര്‍ ആക്കി ഉയർത്താൻ കർണാടക സർക്കാരിന്‍റെ നീക്കം. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തില്‍ ഭേദഗതി ചെയ്‌ത് ജോലി സമയം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഐടി കമ്പനികള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചു. ഓവർടൈം ഉൾപ്പെടെ പ്രതിദിനം 10 മണിക്കൂറാണ് നിലവിലെ പരിധി.
ഇതുമായി ബന്ധപ്പെട്ട് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 19) നടത്തിയ ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ദിവസേനയുള്ള ജോലി സമയം 10 ൽ നിന്ന് 12 ആക്കി, രണ്ട് മണിക്കൂർ ഓവർടൈം, മൊത്തം 14 മണിക്കൂർ എന്നിങ്ങനെ നീട്ടണമെന്ന് ഐടി സ്ഥാപനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.