ന്യൂഡൽഹി: യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് 'പ്രഹരി പോർട്ടൽ' ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. മയക്കുമരുന്ന് ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും, സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വില്‍പനകള്‍ തടയുന്നതിനുമായാണ് പോർട്ടൽ ആരംഭിച്ചത്. വിദ്യാർഥികളിലും അധ്യാപകരിലും അവബോധം വളർത്തുന്നതിനും ശക്തമായ നിരീക്ഷണ സംവിധാനം സൃഷ്‌ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സും (എൻസിപിസിആർ) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേര്‍ന്ന് ദേശീയ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു.
മയക്കുമരുന്ന് ദുരുപയോഗം, കുട്ടികൾക്കിടയിലെ വിപണനം എന്നിവ തടയാൻ ലക്ഷ്യമിടുന്ന 'നശ മുക്ത് ഭാരത്' എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് 'പ്രഹരി പോർട്ടൽ' ആരംഭിക്കുന്നത്. എൻസിപിസിആറും എൻസിബിയും വികസിപ്പിച്ച ജോയിന്‍റ് ആക്ഷൻ പ്ലാനിനെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പ്രശംസിച്ചു. വികസിത ഇന്ത്യയുടെ ഭാവി നേതാക്കളായതിനാൽ, ജനസംഖ്യയുടെ 59 ശതമാനം വരുന്ന യുവാക്കളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ സംയുക്ത കർമപദ്ധതിക്ക് കീഴിലുള്ള നടപടികളെക്കുറിച്ചും മയക്കുമരുന്നിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും നിത്യാനന്ദ് റായ് സംസാരിച്ചു.
ALSO READ:രാഷ്‌ട്രീയ രംഗത്ത് വേണ്ടത് വിദ്യാഭ്യാസമുള്ളവര്‍; തമിഴ്‌നാട്ടില്‍ നല്ല നേതാക്കളില്ല: വിജയ്