ന്യൂഡൽഹി:സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികൾ ആരംഭിച്ച ശേഷം യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത്തരം യോഗ്യത മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, പിഎസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
സർക്കാർ ജോലികളിലേക്ക് നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുന്‍കൂട്ടി അറിയിക്കണം. നിയമന നടപടികൾക്കായി പരസ്യത്തിൽ നൽകിയ മാനദണ്ഡം പാതിവഴിയിൽ തിരുത്തരുത്. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടന വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചനരഹിതമായുമായിരിക്കണമെന്നും ബെഞ്ച് പറഞ്ഞു.
നിയമനങ്ങൾ ഇടയ്ക്ക് വച്ച് മാറ്റുന്നത് ശരിയല്ലെന്നും നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുതെന്നും അത് ഭരണഘടനയുടെ അനുച്‌ഛേദം 14 അനുസരിച്ച് വേണമെന്നും കോടതി നിർദേശിച്ചു. വിശദമായ വിധി പിന്നീട് പറയുമെന്നും ബെഞ്ച് അറിയിച്ചു.