ഗ്വാളിയോർ (മധ്യപ്രദേശ്) : എല്ലാ വർഷവും ജന്മാഷ്‌ടമി ദിനത്തിൽ ഗ്വാളിയോറിലെ ഗോപാൽ ജി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ശ്രീകൃഷ്‌ണ ഭക്‌തരാണ് എത്തിച്ചേരുന്നത്. ഭക്തിസാന്ദ്രമായി മാറുന്ന ഗോപാൽ ജി ക്ഷേത്രത്തിൽ അന്നത്തെ ദിവസം വൻ തിരക്കാണ് അനുഭവപ്പെടുക.
സിന്ധ്യ നാട്ടുരാജ്യത്തിൻ്റെ കാലത്ത് നിർമിച്ച ഈ ക്ഷേത്രത്തിന് നൂറ് വർഷത്തെ പഴക്കമാണുളളത്. ജന്മാഷ്‌ടമി ആഘോഷങ്ങള്‍ക്ക് രാജ്യത്തുടനീളം തന്നെ ഈ ക്ഷേത്രം പ്രശസ്‌തമാണ്. കാരണമെന്തെന്നാൽ അന്നത്തെ ദിവസം ദേവതകളെ നൂറ് കോടി രൂപയുടെ ആഭരണങ്ങളാലാണ് അലങ്കരിച്ചിരിക്കുക.
ജന്മാഷ്‌ടമി ദിനത്തിൽ, ശ്രീകൃഷ്‌ണനെയും രാധയേയും വിലമതിക്കാനാവാത്ത ആഭരണങ്ങൾ കൊണ്ടാണ് അലങ്കരിക്കുക. വജ്രങ്ങൾ, മരതകം, മാണിക്യങ്ങൾ, മുത്തുകൾ എന്നിവയാൽ നിർമിച്ച ആഭരണങ്ങൾ അണിയിക്കുന്നു.
ആഭരണങ്ങളിൽ നിന്നും ഏറ്റവും വേറിട്ട് നിൽക്കുന്നത് കിരീടമാണ്. എല്ലാവരുടെയും കണ്ണ് പതിയുക മരതകങ്ങളും വജ്രങ്ങളും കൊണ്ട് പതിച്ച ദേവന്മാരുടെ കിരീടത്തിലായിരിക്കും. ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങൾ കൊണ്ട് ദേവന്മാരെ അലങ്കരിക്കുന്ന പാരമ്പര്യം സിന്ധ്യ രാജവംശത്തിൻ്റെ ഭരണകാലത്താണ് ആരംഭിച്ചത്.