ബെർലിൻ (ജർമ്മനി): ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് ഇന്ത്യയെ അഭിനന്ദിച്ച് ജർമ്മൻ വിദേശകാര്യ ഓഫീസ്. ഇന്ത്യയുടെ പുതിയ സർക്കാരിനൊപ്പം പ്രവർത്തിക്കാനും സഹകരണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഉറ്റുനോക്കുകയാണ് ജർമ്മനി പ്രസ്ഥാവനയില്‍ പറഞ്ഞു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് ഇന്ത്യൻ ജനതയ്ക്ക് അഭിനന്ദനങ്ങൾ, ഇന്ത്യയുടെ പുതിയ സർക്കാരിനൊപ്പം പ്രവർത്തിക്കാനും ഇന്ത്യയുമായുള്ള ഞങ്ങളുടെ സഹകരണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,' എന്ന് ജർമ്മൻ വിദേശകാര്യ ഓഫീസ് എക്‌സില്‍ കുറിച്ചു.
ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നേരത്തെയുള്ള ആറ് ഘട്ടങ്ങളിലേക്കുള്ള പോളിങ് ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25 തീയതികളിലായിരുന്നു. വോട്ടുകൾ ജൂൺ നാലിന് എണ്ണും.