മുംബൈ: സൽമാൻ ഖാനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേരെ നവി മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അജയ് കശ്യപ് എന്ന ധനഞ്ജയ് താപസിങ്, നഹ്‌വി എന്ന ഗൗരവ് ഭാട്ടിയ, വാസ്‌പി ഖാൻ, വസീം ചിക്‌ന, ജാവേദ് ഖാൻ എന്ന റിസ്വാൻ ഖാൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. നടനെ പൻവേൽ ഏരിയയിലെ ഫാം ഹൗസിൽ വെച്ച് അക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജയിലിൽ കഴിയുന്ന ഗുണ്ടാസംഘ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുമായും ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുമായും നാലുപേരും ബന്ധപ്പെട്ടിരുന്നതായും ബിഷ്‌ണോയി സഹോദരങ്ങളുടെ നിർദേശപ്രകാരം അക്രമത്തിനായി ഉദേശിച്ച ഫാംഹൗസും ജോലി ചെയ്‌തിരുന്ന സ്ഥലങ്ങളും നിരീക്ഷിച്ച് വന്നിരുന്നതായും പൊലീസ് പറഞ്ഞു.
ലോറൻസ് ബിഷ്‌ണോയിയും അൻമോൽ ബിഷ്‌ണോയിയും ഉൾപ്പെടെ 17 പേരെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) 120-B (ഗൂഢാലോചന), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ്. അൻമോൽ ബിഷ്‌ണോയി യുഎസിലോ കാനഡയിലോ ആണെന്നാണ് കരുതുന്നത്.