ബെംഗളൂരു (കർണാടക) :കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇതിനെതിരെ പ്രതികരിച്ച് യെദ്യൂരപ്പ രംഗത്ത് വന്നു.
'എനിക്കെതിരെ ഒരു സ്‌ത്രീ പരാതി നൽകിയിട്ടുണ്ടെന്നും, പോക്‌സോ പ്രകാരം എനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറിഞ്ഞു. ഞാൻ ഇത് നിയമപ്രകാരം നേരിടും. ഇതിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ഞാൻ ആരോപിക്കില്ല' -മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.
ഒന്നര മാസം മുമ്പ് അമ്മയും മകളും കരഞ്ഞ് കൊണ്ട് തന്‍റെ അടുത്ത് വന്നുവെന്നും, ആദ്യമൊന്നും അവരെ താൻ ശ്രദ്ധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഡോളേഴ്‌സ് കോളനിയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ കരച്ചിൽ കണ്ട് താൻ അവരെ അകത്തേക്ക് വിളിക്കുകയും പ്രശ്‌നം എന്താണെന്ന് ചോദിക്കുകയും ചെയ്‌തുവെന്ന് യെദ്യൂരപ്പ പറഞ്ഞു. മാത്രമല്ല അവരുടെ അവസ്ഥയെകുറിച്ച് താൻ പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നും ബിഎസ് യെദ്യൂരപ്പ ആരോപണങ്ങളോട് പ്രതികരിച്ചു.
പക്ഷേ ഇപ്പോൾ സംഭവങ്ങൾ എല്ലാം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ സഹായിക്കാൻ ശ്രമിച്ചതിന് ശേഷമാണ് സ്‌ത്രീ തനിക്കെതിരെ സംസാരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പരാമർശിച്ചു. ഇക്കാര്യം പൊലീസ് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
ഇന്നലെയാണ് (14-03-2024) തനിക്കെതിരെ ഇങ്ങനെ ഒരു പരാതിയുമായി ഒരു സ്‌ത്രീ രംഗത്ത് വന്നത്. ഇനി എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും, ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ പ്രതികരണം :ഒരു സ്‌ത്രീ നൽകിയ പരാതിയിൽ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര പറഞ്ഞു.