ന്യൂഡൽഹി:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎമ്മിൻ്റെ മുതിർന്ന നേതാവുമായ ചംപെയ് സോറൻ ബിജെപിയിലേക്ക്. ഓഗസ്റ്റ് 30ന് റാഞ്ചിയിൽ വച്ച് അദ്ദേഹം ഭാരതീയ ജനത പാർട്ടിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം.
'ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും രാജ്യത്തെ പ്രമുഖനായ ആദിവാസി നേതാവുമായ ചംപെയ് സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ആഗസ്റ്റ് 30ന് റാഞ്ചിയിൽ വച്ച് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേരും' എന്ന് അസം മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
മുഖ്യമന്ത്രിയായിരിക്കെ താൻ അപമാനിക്കപ്പെട്ടുവെന്ന് ചംപെയ് സോറൻ എക്‌സിലൂടെ പറഞ്ഞു. നിയമസഭ കക്ഷി യോഗം വിളിക്കാൻ അനുവദിക്കാതിരുന്നതും പെട്ടെന്ന് രാജിവക്കാൻ ആവശ്യപ്പെട്ടതും പോലുളള സന്ദർഭങ്ങളാണ് മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.