പൂനെ (മഹാരാഷ്‌ട്ര): രാജ്യത്ത് ഉയര്‍ന്നുവരുന്ന ക്ഷേത്ര-മസ്‌ജിദ് തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പിന്നാലെ ചില വ്യക്തികൾ ഇത്തരം പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി 'ഹിന്ദുക്കളുടെ നേതാക്കളാകാൻ' ശ്രമിക്കുന്നുവെന്ന് ആര്‍എസ്‌എസ് നേതാവ് പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. രാമക്ഷേത്രം ഹിന്ദുകളുടെ വികാരമായിരുന്നുവെന്നും, എന്നാല്‍ ഇതിനുപിന്നാലെ ഉയര്‍ന്നുവരുന്ന തര്‍ക്കങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹമാണ് വേണ്ടത്. രാജ്യത്ത് ഭൂരിപക്ഷം ന്യൂനപക്ഷം എന്നൊന്നുമില്ല, ഒരുമിച്ചു ജീവിക്കാൻ കഴിയുമെന്ന് ലോകത്തെ കാണിക്കേണ്ടതുണ്ടെന്നും ഭാഗവത് പറഞ്ഞു. 'ഇന്ത്യ - വിശ്വഗുരു' എന്ന വിഷയത്തിൽ പൂനെയില്‍ പ്രഭാഷണം നടത്തവെയാണ് രാജ്യത്തെ എല്ലാവരും ഒരുമിച്ച് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
'ഞങ്ങൾ വളരെക്കാലമായി ഐക്യത്തിലാണ് ജീവിക്കുന്നത്. ഈ സൗഹാർദ്ദം ലോകത്തിന് നൽകണമെങ്കിൽ, അതിന്‍റെ ഒരു മാതൃക സൃഷ്‌ടിക്കേണ്ടതുണ്ട്. രാമക്ഷേത്രം നിർമിച്ചതിന് ശേഷം, പുതിയ സ്ഥലങ്ങളിൽ സമാനമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഹിന്ദുക്കളുടെ നേതാക്കളാകാമെന്ന് ചിലർ കരുതുന്നു. ഇത് അംഗീകരിക്കാനാവില്ല' അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ ഹിന്ദുക്കളുടെയും വിശ്വാസ പ്രശ്‌നമായതിനാലാണ് രാമക്ഷേത്രം നിർമിച്ചത്. ഓരോ ദിവസവും ഒരു പുതിയ വിഷയം (തർക്കം) ഉയർന്നുവരുന്നു. ഇത് എങ്ങനെ അനുവദിക്കും? ഇത് തുടരാനാവില്ല. ഇന്ത്യയില്‍ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുള്ള മിക്ക മസ്‌ജിദുകളും മുമ്പ് ക്ഷേത്രമായിരുന്നുവെന്നും, സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് നിരവധി ആവശ്യങ്ങൾ സമീപ കാലത്ത് കോടതികളിൽ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഭാഗവത് വ്യക്തമാക്കിയത്. എന്നാല്‍ ഏതൊക്കെ ക്ഷേത്ര-മസ്‌ജിദ് തര്‍ക്കങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് പരാമര്‍ശിക്കാൻ അദ്ദേഹം തയ്യാറായില്ല.
രാജ്യത്തെ എല്ലാ സമുദായങ്ങളും തുല്യരാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 'ആരാണ് ന്യൂനപക്ഷം, ആരാണ് ഭൂരിപക്ഷം? ഇവിടെ എല്ലാവരും തുല്യരാണ്. എല്ലാവർക്കും അവരവരുടെ ആരാധനാരീതികൾ പിന്തുടരാം എന്നതാണ് ഈ രാജ്യത്തിന്‍റെ പാരമ്പര്യം. എല്ലാവരും ഒരുമിച്ച് ജീവിക്കുകയാണ് വേണ്ടത്' ഭാഗവത് പറഞ്ഞു.
ഇപ്പോൾ ഭരണഘടന അനുസരിച്ചാണ് രാജ്യം പ്രവർത്തിക്കുന്നത്. ഗവണ്‍മെന്‍റിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. പണ്ട് കാലത്ത് മുഗൾ ചക്രവർത്തിമാരായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ആ ആധിപത്യത്തിന്‍റെ നാളുകൾ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ബിജെപി എംപിമാരെ കയ്യേറ്റം ചെയ്‌തെന്ന പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്