കോഴിക്കോട്: പത്താം ക്ലാസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. ചോദ്യപേപ്പർ ചോർത്തിയത് ഈ സ്ഥാപനമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി. സ്ഥാപന ഉടമകളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഒരുങ്ങുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തി ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.
എം എസ് സൊലൂഷൻസ് സിഇഒയ്‌ക്കെതിരെ വീണ്ടും പരാതി
അതിനിടെ, ക്രിസ്‌മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എം എസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. എം എസ് സോലൂഷൻസിന്‍റെ ചോദ്യപേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബിന്‍റെ ഓഡിയോ പൊലീസിന് ലഭിച്ചു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് മുമ്പാണ് ഈ സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ അധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണ് എന്ന് ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്‌മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്.
മറ്റ് പ്ലാറ്റ്ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷയ്ക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെ ആണെന്നും ഷുഹൈബ് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷുഹൈബ് വ്യക്തമാക്കി.