തമിഴ്‌നാട്: തിരുനെൽവേലി ജില്ല കോടതിക്ക് മുന്നിൽ വച്ച് വധശ്രമക്കേസിലെ പ്രതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മനോജ്, സുരേഷ്, രാമകൃഷ്‌ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കീഴാനത്തം മേലൂർ സ്വദേശി മായാണ്ടിയെയാണ് ഇവർ കൊലപ്പെടുത്തിയത്. ഇന്ന് (ഡിസംബർ 20) രാവിലെ 10.25നാണ് കേസിനാസ്‌പദമായ സംഭവം.
അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിനിടെയാണ് അക്രമികൾ മായാണ്ടിയെ കൊലപ്പെടുത്തിയത്. മായാണ്ടിയുമായി അക്രമികൾക്ക് നേരത്തെയുണ്ടായിരുന്നു പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ തിരുനെൽവേലി സിറ്റി പൊലീസ് കമ്മിഷണർ ഐജി രൂപേഷ് കുമാർ മീണയാണ് പ്രതികളുടെ അറസ്‌റ്റ് സ്ഥിരീകരിച്ചത്. അതേസമയം അക്രമണത്തിനിടെ അവർ യുവാവിന്‍റെ കൈവെട്ടിമാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
കോടതിക്ക് പുറത്ത് പൊലീസ് കൃത്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് അഭിഭാഷകർ ആരോപിച്ചു. കൊലപാതകത്തെ അപലപിച്ച് തിരുനെൽവേലി, തൂത്തുക്കുടി, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഭിഭാഷകർ നീതി ആവശ്യപ്പെട്ട് തിരുനെൽവേലി കോടതിക്ക് മുന്നിൽ റോഡ് ഉപരോധിച്ചു.
കൊലപാതക സംഘം: വധശ്രമക്കേസിൽ ഹാജരാകാൻ മായാണ്ടി തിരുനെൽവേലി ജില്ല സംയുക്ത കോടതിയിൽ എത്തിയ സമയത്താണ് അദ്ദേഹത്തെ പ്രതികൾ ആക്രമിച്ചത്. കാറിലെത്തിയ അക്രമികൾ മായാണ്ടിയുടെ സൈക്കിളിൽ ഇടിച്ചിരുന്നു.
അക്രമികളെ കണ്ട് മായാണ്ടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ആയുധങ്ങളുമായി കാറിൽ നിന്നിറങ്ങിയ അക്രമികൾ മായാണ്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
പട്ടാപ്പകൽ കൊലപാതകം: മായണ്ടി മെയിൻ റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സമയം അക്രമികൾ വളഞ്ഞിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇതിൽ ഇയാളുടെ കൈത്തണ്ടയ്ക്കും രണ്ട് കാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. അവശനിലയിൽ കുഴഞ്ഞുവീണ ഇയാളെ ഉപേക്ഷിച്ച് അക്രമസംഘം വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം അക്രമ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാലയങ്കോട് പൊലീസ് മരിച്ച നിലയിലാണ് മായാണ്ടിയെ കണ്ടെത്തിയത്. തുടർന്ന് മായാണ്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു.
പകയാണ് കൊലപാത കാരണമെന്ന് പൊലീസ്: കൊലപാതകത്തിന് പകപോക്കലുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മായാണ്ടി നേരത്തെ ഒരു കേസിൽ ഉൾപ്പെട്ടിരുന്നതായും കോടതിയിലേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
Also Read: ഭാര്യയുടെ ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് തല്ലിക്കൊന്നു; സംഭവം ഡല്‍ഹിയിലെ ശാസ്‌ത്രി പാര്‍ക്കില്‍