പത്തനംതിട്ട: ശബരിമലയിൽ ഇന്നലെ (ഡിസംബര്‍ 19) ദർശനം നടത്തിയത് 96,007 തീർഥാടകർ. മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ ദർശനം നടത്തിയത് ഇന്നലെയാണ്. തീർഥാടകർ മരക്കൂട്ടം മുതൽ ഫ്ലൈ ഓവർ വരെ ഏഴ് മണിക്കൂർ വരെ കാത്ത് നിന്നാണ് ഇന്നലെ മുതൽ ദർശനം നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്നിധാനത്ത് മണ്ഡല പൂജാ ദിനം അടുത്ത് വരുന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ നാല് ദിവസമായി വലിയ ഭക്തജന പ്രവാഹമാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് (ഡിസംബര്‍ 20) 11 മണി വരെ 47,588 തീർഥാടകർ ദർശനം നടത്തി.
10,706 പേർ തത്സമയ ബുക്കിങ് വഴിയും ദർശനം നടത്തി. ഈ മാസം 26നാണ് മണ്ഡല പൂജ. തിരക്ക് ഇനിയും വർധിക്കുമെന്നതിനാൽ പൊലീസും മറ്റ് വകുപ്പുകളും മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.