ന്യൂഡല്‍ഹി: വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് ഇൻഡക്‌സ് (ടിടിഡിഐ) 2024ല്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റം. 119 രാജ്യങ്ങളിൽ ഇന്ത്യ 39-ാം സ്ഥാനത്താണ്. 2021-ൽ പ്രസിദ്ധീകരിച്ച മുൻ സൂചികയിൽ ഇന്ത്യ 54-ാം സ്ഥാനത്തായിരുന്നു. ഇത്തവണ 15 സ്ഥാനങ്ങള്‍ മുന്നേറാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യമാണ് ഇന്ത്യ. 2024-ലെ സൂചികയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ 4.25 ആണ്.
കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് ടൂറിസം രംഗത്ത് ഇന്ത്യ മുന്നേറ്റം കൈവരിക്കുന്നുവെന്ന കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്. വിവിധ പദ്ധതികൾക്ക് കീഴിൽ ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്വദേശ് ദർശൻ' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വഴിയാണ് കേന്ദ്രം ധനസഹായം ലഭ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) എന്ന ഇന്ത്യയുടെ ഔദ്യോഗിക പോർട്ടല്‍ ആരംഭിച്ചിരുന്നു. ഇതുപ്രകാരം വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ നേടാനാഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ നല്‍കി ചികിത്സ നേടാം. ഇന്ത്യയിൽ വൈദ്യ പരിചരണത്തിന് ഏതൊരു വിദേശിക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് അഡ്വാന്‍റേജ് ഹെൽത്ത്‌കെയർ ഇന്ത്യ പോർട്ടൽ സന്ദർശിക്കാമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
അതേസമയം, വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) രണ്ടുവർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന റിപ്പോർട്ടാണ് ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് ഇൻഡക്‌സ്. ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് ഇൻഡക്‌സ് ഒരു രാജ്യത്തിന്‍റെ വികസനത്തിൽ പങ്കുവഹിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയില്‍ സുസ്ഥിര വികസനം സാധ്യമാക്കുന്ന ഘടകങ്ങളെയാണ് പ്രധാനമായും പരിശോധിക്കുന്നത്.
2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് ഇൻഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് റാങ്കുള്ള രാജ്യങ്ങൾ
1. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക - സ്കോർ 5.24
2. സ്‌പെയിൻ - സ്‌കോർ 5.18
3. ജപ്പാൻ - സ്കോർ 5.09
4. ഫ്രാൻസ് - സ്കോർ 5.07
5. ഓസ്ട്രേലിയ - സ്കോർ 5.00
കുറവ് റാങ്കുള്ള രാജ്യങ്ങൾ
119. മാലി സ്കോർ - 2.78
118. സിയറ ലിയോൺ -സ്കോർ 2.9
Read Also: ഈ ന്യൂ ഇയര്‍ അടിച്ചുപൊളിക്കാൻ പറ്റിയ അഞ്ച് കിടിലൻ സ്ഥലങ്ങള്‍ ഇതാ...