ഭുവനേശ്വർ (ഒഡീഷ):റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സ്ഥാപകനായ റാമോജി റാവുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇടിവി ഒഡിയ വാർത്താ ചാനലിലെ മുൻ ജീവനക്കാർ. റാമോജി റാവുവിന്‍റെ സ്‌മരണയ്ക്കായി ഭുവനേശ്വറലെ ബിന്ദു സാഗർ തടാകത്തില്‍ മുങ്ങി 'ദശ' ആചരിച്ചായിരുന്നു മുന്‍ ജീവനക്കാരുടെ ആദരവ്. ഒഡീഷയിലെ ഹിന്ദു പാരമ്പര്യമനുസരിച്ച് മരണത്തിന് പത്ത് ദിവസം കഴിഞ്ഞ് ആചരിക്കുന്ന ചടങ്ങാണ് ദശ. തിങ്കളാഴ്ച രാവിലെ വൈദികരുടെ നേതൃത്വത്തിൽ മുണ്ഡനം ചെയ്‌ത് തടാകത്തില്‍ മുങ്ങി കുളിച്ച ശേഷമാണ് പരമ്പരാഗതമായ ചടങ്ങുകൾ നടത്തിയത്.
തങ്ങളോരോരുത്തരിലും, ഇന്ത്യൻ മാധ്യമരംഗത്തും റാമോജി റാവു ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മാർഗമാണിതെന്ന് ചടങ്ങിന്‍റെ ഭാഗമായ മുന്‍ ജീവനക്കാര്‍ പറഞ്ഞു. 'ഇന്ത്യൻ മാധ്യമങ്ങളെ പുനർനിർവചിച്ച ദീർഘദർശിയായിരുന്നു റാമോജി റാവു' എന്ന് ഇടിവി ഒഡിയയുടെ മുൻ ജീവനക്കാരായ പ്രവാകർ ദലൈയും ദിനഭഞ്ജൻ പാണ്ഡയും പറഞ്ഞു. 'വാർത്ത, വിനോദ പ്രോഗ്രാം, പ്രിൻ്റ്, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഒരു പുതിയ യുഗത്തിന് അദ്ദേഹം തുടക്കമിട്ടു. അദ്ദേഹത്തിൻ്റെ വിയോഗം തെലുങ്ക് മാധ്യമ വ്യവസായത്തിൽ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ മീഡിയ ലാൻഡ്‌സ്‌കേപ്പിലും ഒരു ശൂന്യത സൃഷ്‌ടിച്ചു.' - അവർ പറഞ്ഞു.