ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വീണ്ടും കനത്ത പ്രഹരമേല്‍പ്പിച്ച് കൊണ്ട് മുൻ വക്താവ് രോഹൻ ഗുപ്‌ത ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെയും ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ഗുപ്‌തയും മറ്റ് ചില നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചത്. പരമ്പരാഗത മൂല്യങ്ങളായ ദേശീയത, സനാതന ധർമ്മം തുടങ്ങിയവയില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചത് മൂലം പാര്‍ട്ടിക്ക് ദിശാ ബോധവും ആധികാരികതയും നഷ്‌ടപ്പെട്ടു എന്ന് ഗുപ്‌ത ആരോപിച്ചു.
അടുത്തിടെ സർവീസിൽ നിന്ന് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥയായ പരംപാൽ കൗർ, അവരുടെ ഭര്‍ത്താവും ശിരോമണി അകാലിദള്‍ മുതിർന്ന നേതാവ് സിക്കന്ദർ സിങ് മലുകയുടെ മകനുമായ ഗുർപ്രീത് സിങ് മലുക, യൂത്ത് കോൺഗ്രസ് നേതാവ് ജഹൻസൈബ് സിർവാൾ എന്നിവരും ഗുപ്‌തയോടൊപ്പം ബിജെപിയില്‍ ചേർന്നിട്ടുണ്ട്.
ബിജെപി കോട്ടയായ അഹമ്മദാബാദ് ഈസ്‌റ്റ് ലോക്‌സഭ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിത്വം ഗുപ്‌ത കഴിഞ്ഞ മാസം നിരസിച്ചിരിച്ചിരുന്നു. കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ബന്ധപ്പെട്ട ഒരു നേതാവിന്‍റെ നിരന്തരമായ അപമാനം നേരിടേണ്ടി വരുന്നു എന്നാരോപിച്ചാണ് പാർട്ടി വിടുന്നതായി ഗുപ്‌ത വെളിപ്പെടുത്തിയത്. ആരോപണം, പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശിനെ ഉദ്ദേശിച്ചാണെന്ന് വിലയിരുത്തലുണ്ട്.
സനാതന ധർമ്മം അപമാനിക്കപ്പെടുമ്പോൾ മിണ്ടാതിരിക്കണമെന്ന്, പേരിനൊപ്പം 'റാം' ഉള്ള ഒരു നേതാവ് ആവശ്യപ്പെട്ടു എന്നാണ് ഗുപ്‌ത മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഒരു പ്രാവശ്യം പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരാണ് കോൺഗ്രസിന്‍റെ കാഴ്‌ചപ്പാട് രൂപപ്പെടുത്തുന്നതെന്നും ഗുപ്‌ത വിമര്‍ശിച്ചു.
കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ഒരു വശത്ത്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വഴിയൊരുക്കുന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഗുപ്‌ത കൂട്ടിച്ചേര്‍ത്തു.