ഗുവാഹത്തി: രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങുൾക്ക് എത്താതെ അയോധ്യ വിധി പ്രസ്‌താവിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. തിങ്കളാഴ്‌ച (22.01.24) നടന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിലേക്ക് വിവിഐപി അതിഥിയായി ഗൊഗോയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല.
2019 നവംബർ 9 നാണ് അയോധ്യയിലെ രാമക്ഷേത്ര കേസിലെ അന്തിമ വിധി പ്രസ്‌താവിച്ചത്. കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷൺ, എസ് എ ബോബ്‌ഡെ, എസ് അബ്‌ദുൾ നസീർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർക്കും പ്രാണ പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. അശോക് ഭൂഷൺ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാജ്യസഭ എം പിയായ രഞ്ജൻ ഗൊഗോയ് ഗുവാഹത്തിയിൽ അമ്മയുടെ പേരിലുള്ള ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളിൽ തിരക്കിലായതിനാലാണ് പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം.
വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ബാബറി മസ്‌ജിദ്-രാമജന്മഭൂമി തർക്കം തീർപ്പായത്. ഇപ്പോൾ രാമക്ഷേത്രം നിലനിൽക്കുന്ന ഭൂപ്രദേശത്തിന്‍റെ ഉടമസ്ഥാവകാശത്തിനായി ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ നൽകിയ കേസ് വിവിധ കോടതികളിൽ നിലന്നിരുന്നു. 2019 നവംബറിലെ ചരിത്ര പ്രാധാന്യമുള്ള സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ രാമക്ഷേത്രം പണിയുന്നതിനായി തർക്കഭൂമി അനുവദിച്ചതിനോടൊപ്പം മുസ്ലീം പള്ളിയ്ക്കായി മറ്റൊരു സ്ഥലം അനുവദിക്കുകയും ചെയ്‌തു.
അതേസമയം ഇന്നലെയാണ് (2024 ജനുവരി 22) രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങ് പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. 'രാംലല്ല വിഗ്രഹം അനാച്‌ഛാദനം ചെയ്‌ത ജനുവരി 22 എന്ന ദിനം ഒരു പുതിയ കാലചക്രത്തിന്‍റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്, ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ഇന്നത്തെ തീയതി ആളുകൾ ഓര്‍ക്കും' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് നേതൃത്വം നല്‍കിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണം ജനങ്ങളിൽ പുതിയ ഊർജ്ജം നിറച്ചെന്നും അദ്ദേഹം പറഞ്ഞു.