ഡൽഹി:എഎപി വിട്ട കൈലാഷ് ഗലോട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈലാഷ് ഗലോട്ട് ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസമാണ് തന്‍റെ മന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും കൈലാഷ് ഗലോട്ട് രാജി വച്ചത്. ബിജെപിയില്‍ ചേർന്ന ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത ഗലോട്ട്, ആം ആദ്‌മി പാർട്ടി (എഎപി) വിടാനുള്ള തന്‍റെ തീരുമാനം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ആരോപിച്ചു.
"ഇത് തനിക്ക് എളുപ്പമുള്ള ചുവട് വയ്‌പ്പല്ല. അണ്ണാ ഹസാരെയുടെ കാലം തൊട്ട് ആം ആദ്‌മിയുടെ ഭാഗമായിരുന്നു. എംഎല്‍എ ആയും മന്ത്രിയായും ഡല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ യാതൊരു തരത്തിലുള്ള സമ്മര്‍ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ല"- കൈലാഷ് ഗലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെപ്പോലുള്ളവർ ആം ആദ്‌മി പാർട്ടിയിൽ ചേർന്നത് വ്യക്തിപരമായ അഭിലാഷങ്ങൾ കൊണ്ടല്ല. ഡൽഹിയുടെ വികസനത്തിന് വേണ്ടിയാണ്. അതേകാരണത്താലാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ഗലോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും അജണ്ടയേയും അദ്ദേഹം പ്രശംസിച്ചു. പാര്‍ട്ടി മൂല്യങ്ങളില്‍ എഎപി വിട്ടുവീഴ്‌ച ചെയ്‌തു.