ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ അവതരിപ്പിക്കും. ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആദായ നികുതി, പെട്രോള്‍, ഡീസല്‍, പാചകവാതകം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ വില കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍.
പണപ്പെരുപ്പം മൂലം അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചതും സാധാരണക്കാരെ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ, പ്രത്യേകിച്ച് മധ്യവര്‍ഗത്തെ പിന്തുണയ്‌ക്കുന്ന കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാധ്യത. അനിവാര്യമായ നികുതി പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ട്.
വ്യക്തികൾക്കും ബിസിനസുകൾക്കും കൂടാതെ പ്രവാസികൾക്കുമുള്ള നികുതി പ്രക്രിയകൾ സർക്കാർ ലഘൂകരിക്കാൻ സാധ്യതയുണ്ട്. ബിസിനസുകൾക്കും സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ അതായത് എംഎസ്എംഇകൾക്കും ജിഎസ്‌ടി സ്ലാബുകൾ പരിഷ്‌കരിക്കും.
സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇന്ധന വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നതും, രാജ്യത്ത് തുടര്‍ച്ചയായി ഉയരുന്ന സ്വര്‍ണത്തിന്‍റെ ഭാവിയും ഇന്നത്തെ ബജറ്റിന്‍റെ അടിസ്ഥാനത്തിലാകും. ഭവനവായ്‌പ പലിശ ഇടത്തരക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.
വായ്‌പയെടുത്തവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്‌ടിക്കുമ്പോള്‍ ഇതിനെ മറികടക്കാനുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കുമോ എന്നതും ഇന്നറിയാം. രാജ്യത്ത് ഇനി ഏതൊക്കെ സാധനങ്ങള്‍ക്ക് വിലകുറയുമെന്നതും കൂടുമെന്നതും ഇന്നറിയാം.