ബെംഗളൂരു: 30.92 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര്‍ പിടിയില്‍. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ആണ് കള്ള നോട്ടുകള്‍ പിടികൂടിയത്. 40 ലക്ഷം രൂപ നൽകിയാൽ വിവിധ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്‍റെ രീതിയെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു.
ഇതൊരു പുതിയ തട്ടിപ്പ് രീതിയാണെന്നും ഇതിനെക്കുറിച്ച് കാര്യമായ വിവശാംദശങ്ങള്‍ ലഭ്യമല്ലെന്നുമാണ് പൊലീസ് പറയുന്നത്. തട്ടിപ്പുകാര്‍ നിരവധി ട്രസ്‌റ്റുകളെ ഇതിനോടകം സമീപിച്ചിട്ടുണ്ട്. പണം നൽകിയാൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി വഴി കൂടുതൽ പണം ലഭിക്കുമെന്ന് ട്രസ്‌റ്റുകളെ വിശ്വസിപ്പിച്ച് പണം തട്ടുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് കമ്മീഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
100 കോടി രൂപ വരെ ട്രസ്‌റ്റുകൾക്ക് കാണിച്ചുകൊടുക്കും. തുടര്‍ന്ന് ട്രസ്‌റ്റ് അംഗങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി, അവരില്‍ നിന്ന് പണം കൈപ്പറ്റി മുങ്ങും. ഇത്തരത്തിൽ നിരവധിപേരെ ഇവർ കബളിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.