തിരുവണ്ണാമലൈ (തമിഴ്‌നാട്): 23-ാം വയസിൽ സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആദിവാസി വനിത. ലേബര്‍ റൂമില്‍ നിന്ന് നേരെ പരീക്ഷയെഴുതാന്‍ എത്തി ശ്രീപതി കരസ്ഥമാക്കിയത് ജഡ്‌ജിയെന്ന പദവി. തിരുവണ്ണാമലൈ ജില്ലയിലെ ജവാദു ഗ്രാമത്തില്‍ നിന്നാണ് ശ്രീപതിയുടെ നിയമ ലോകത്തേക്കുള്ള വളര്‍ച്ച.
യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജി പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ്) നടന്നത്. കുഞ്ഞിന്‍റെ പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി പരീക്ഷ എഴുതി.
23-ാം വയസിൽ ശ്രീപതി സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി പേരാണ് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്‍റെ എക്‌സ് ഹാൻഡിലിലൂടെ ജഡ്‌ജി ശ്രീപതിയെ അഭിനന്ദിച്ചു. 'തിരുവണ്ണാമലൈ ജില്ലയിലെ ജവാദു കുന്നിന് സമീപമുള്ള പുലിയൂർ ഗ്രാമത്തിലെ ശ്രീപതി 23-ാം വയസിൽ സിവിൽ ജഡ്‌ജി പരീക്ഷയിൽ വിജയിച്ചു. അധഃസ്ഥിത മലയോര ഗ്രാമത്തില്‍ നിന്നുള്ള പെൺകുട്ടി ഇത്രയും ചെറു പ്രായത്തില്‍ തന്നെ നേടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
തമിഴ് ഭാഷയിൽ പഠിച്ചവർക്ക് സർക്കാർ ജോലിക്ക് മുൻഗണന എന്ന നിലയിൽ സർക്കാർ കൊണ്ടുവന്ന ഉത്തരവിലൂടെയാണ് ശ്രീപതി ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയുന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജയത്തിന് പിന്തുണ നൽകിയ അമ്മയ്ക്കും ഭർത്താവിനും അഭിനന്ദനങ്ങൾ, മുഖ്യമന്ത്രി പ്രശംസിച്ചു. കൂടാതെ, 'സാമൂഹ്യനീതി എന്ന വാക്ക് പോലും ഉച്ചരിക്കാൻ മനസില്ലാതെ തമിഴ്‌നാട്ടിലെത്തുന്ന ചിലർക്ക് തമിഴ്‌നാട് നൽകുന്ന മറുപടിയാണ് ശ്രീപതിയെപ്പോലുള്ളവരുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.