കേരളം

kerala

ETV Bharat / bharat

രാജ്യത്ത് അഞ്ച് പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ച് ഐസിഎംആര്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം - HMPV CASES CONFIRMED IN INDIA

കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

HMPV  eight month old baby boy  karnataka  bengaluru
Representational Picture (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 10:14 AM IST

ന്യൂഡൽഹി:ഇന്ത്യയിൽ ഹ്യുമന്‍ മെറ്റാപ്ന്യൂമോ വൈറസ് (എച്ച്എംപിവി) കേസുകള്‍ സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കര്‍ണാടകയില്‍ രണ്ട് കുഞ്ഞുങ്ങളിലും ഗുജറാത്ത് അലഹാബാദിൽ ഒരാള്‍ക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് തമിഴ്‌നാട് ചെന്നൈയിൽ രണ്ടു കുഞ്ഞുങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. തേനംപേട്ടിലും ഗിണ്ടിയിലുമാണ് സ്ഥിരീകരിച്ചത്.

സാധാരണ പരിശോധനയ്ക്കിടെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു. ബെംഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ബ്രോങ്കോ ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു.

എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം മൂന്നിനാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയെയും ബ്രോങ്കോ ന്യൂമോണിയ ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കുഞ്ഞും സുഖം പ്രാപിച്ച് വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

എച്ച്എംപിവി നേരത്തെ തന്നെ ആഗോളതലത്തില്‍ കാണപ്പെടുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം രോഗബാധയില്‍ അസാധാരണാം വിധം വര്‍ദ്ധനയില്ലെന്നാണ് ഐസിഎംആറിന്‍റെ സംയോജിത രോഗ നിരീക്ഷണ പ്രോഗ്രാം ശൃംഖല വ്യക്തമാക്കുന്നത്. ഇപ്പോള്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ വിദേശയാത്ര നടത്തിയിട്ടുള്ളവരല്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ചൈനയിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലോകാരോഗ്യ സംഘടന അപ്പപ്പോള്‍ കൈമാറുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കര്‍ണാടകയില്‍ ഒരു കുഞ്ഞിന് രോഗബാധയുണ്ടെന്ന കാര്യം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് രാജ്യത്തെ ആദ്യ കേസല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആദ്യമായല്ല രോഗബാധയുണ്ടാകുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ ചൈനയില്‍ നിന്നോ മലേഷ്യയില്‍ നിന്നോ വന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് സ്ഥിതിയെയും നേരിടാന്‍ രാജ്യം സജ്ജമാണ്. പൊതുജനാരോഗ്യ പ്രവര്‍ത്തകരെ ആവശ്യമെങ്കില്‍ എല്ലായിടവും വിന്യസിക്കും.

കഴിഞ്ഞാഴ്‌ച ജോയിന്‍റ് മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മേധാവി ഡോ.അതുല്‍ഗോയലിന്‍റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. കുഞ്ഞുങ്ങള്‍ക്കും പ്രായമുള്ളവര്‍ക്കുമാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതല്‍. ചൈനീസ് വേരിയന്‍റ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവിലെ ആശുപത്രിയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച് മറ്റ് നടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.

അതേസമയം ഇത്തരം വൈറസുകള്‍ സാധാരണ കുഞ്ഞുങ്ങളില്‍ കാണാറുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. ഇതൊരു പുതിയ വൈറസല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസാണിത്. ശ്വാസകോശരോഗമുള്ള കുട്ടികളിലോ മുതിര്‍ന്നവരിലോ മാത്രമേ ഇത് അപകടകരമാകൂ എന്നും വിദഗ്‌ധര്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ച് ചൈന വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Also Read:രാജ്യത്തെ ഇന്‍ഫ്ലുവന്‍സ ബാധിതര്‍ നിരീക്ഷണത്തില്‍, ചൈനയിലെ എച്ച്എംപിവിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

ABOUT THE AUTHOR

...view details