അബുദാബിയിലെ ഹിന്ദു ക്ഷേത്രം അബുദാബിയിലെ (Abu Dhabi) ആദ്യ ഹിന്ദു ക്ഷേത്രം നാളെ (14.02.24) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഉദ്ഘാടനം ചെയ്യും. ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്‌ത (BAPS/Bochasanwasi Akshar Purushottam Swaminarayan Sanstha) എന്നാണ് അബുദാബിയിലെ ക്ഷേത്രത്തിന്‍റെ പേര് (Hindu temple in Abu Dhabi). മാർച്ച് 1 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രദർശനങ്ങൾ, പ്രാർത്ഥന നടത്താനുള്ള സ്ഥലം, ഹാളുകൾ, പഠനകേന്ദ്രങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക സൗകര്യങ്ങൾ, ഫുഡ് കോർട്ട്, തീമാറ്റിക് ഗാർഡനുകൾ, പുസ്‌തകം, എന്നിങ്ങനെ വിവിധ സൗകര്യങ്ങളുണ്ട്.
700 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ല് കൊണ്ടാണ് ക്ഷേത്ര നിർമാണം. കരകൗശലപ്പണികളും ചിത്രപ്പണികളും ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ആയിരം വര്‍ഷത്തിലേറെ കോടുപാടുകളില്ലാതെ ക്ഷേത്രം നിലനില്‍ക്കുമെന്നാണ് അവകാശവാദം.
നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2015 ഓഗസ്റ്റിലാണ് ക്ഷേത്ര നിര്‍മാണത്തിന് ഭൂമി സമ്മാനിച്ചത്. യുഎഇ സര്‍ക്കാര്‍ പിന്നീട് ക്ഷേത്രത്തിനായി 14 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ചു. 2019 ൽ ക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി യുഎഇയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ മോദിയുടെ മൂന്നാമത്തെയും 2015ന് ശേഷമുള്ള ഏഴാമത്തെയും സന്ദർശനമാണിത്. സന്ദർശന വേളയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിനുമായി മോദി കൂടിക്കാഴ്‌ച നടത്തും.
യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'അഹ്‌ലാന്‍ മോദി' (Ahlan Modi) പരിപാടി അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. 150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുന്നത്.
700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും. ഹിന്ദു സംസ്‌കാരത്തെ കുറിച്ചും ആത്മീയതയെക്കുറിച്ചും പര്യവേക്ഷണം ചെയ്യാനും കൂടുതൽ പഠിക്കാനും ക്ഷേത്രം എല്ലാ മതസ്ഥർക്കും തുറന്നുകൊടുക്കുമെന്ന് ബാപ്‌സ് പ്രസ്‌താവിച്ചു.