തിരുപ്പതി (ആന്ധ്രാപ്രദേശ്):തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിതരണ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്തർക്ക് ലഡു പ്രസാദമായി വിതരണം ചെയ്യുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായതെന്നും തീപിടിത്തത്തിന് തൊട്ടുപിന്നാലെ സമുച്ചയം മുഴുവൻ പുകകൊണ്ട് നിറയുകയായിരുന്നുവെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ജെഇഒ വെങ്കയ്യ ചൗധരി പറഞ്ഞു. കമ്പ്യൂട്ടറിലെ യുപിഎസിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് കൗണ്ടർ നമ്പർ 47ൽ തീപിടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പുക ശ്വസിച്ച് ഏതാനുംപേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ആശങ്കപ്പെടേണ്ടതായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.