കേരളം

kerala

ETV Bharat / bharat

ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; റെക്കോഡിടാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ - Union Budget 2024 - UNION BUDGET 2024

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടര്‍ച്ചയായി ഏഴ്‌ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തമാകും.

NIRMALA SITHARAMAN  UNION BUDGET 2024  കേന്ദ്ര ബജറ്റ് സമ്മേളനം  ധനമന്ത്രി നിര്‍മല സീതാരാമന്‍
Nirmala Sitharaman chairs second Pre-Budget Consultation (IANS)

By ANI

Published : Jul 21, 2024, 1:31 PM IST

ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ (22-07-2024) തുടക്കം. ഈ ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടര്‍ച്ചയായി ഏഴ്‌ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തമാകും. മൊറാർജി ദേശായിയുടെ ആറ് ബജറ്റ് അവതരണങ്ങളുടെ റെക്കോഡാണ് നിര്‍മല സീതാരാമന്‍ മറികടക്കുന്നത്.

1959 മുതൽ 1964 വരെ രാജ്യത്തിന്‍റെ ധനമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായി, രാജ്യത്തിനായി അഞ്ച് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2024-ലെ ബജറ്റ് ഇടക്കാല ബജറ്റായിരുന്നു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 2024 ഫെബ്രുവരി 1-ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 12 വരെ 19 സിറ്റിങ്ങുകളായാണ് നടക്കുന്നത്. എയർക്രാഫ്റ്റ് ആക്റ്റ് ഉൾപ്പടെ ആറ് ബില്ലുകൾ മോദി സർക്കാർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജമ്മു കശ്‌മീരിന്‍റെ ബജറ്റിനുള്ള പാർലമെന്‍റിന്‍റെ അംഗീകാരവും നിര്‍ണായകമാണ്.

ജൂലൈ 23-ന് ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സർക്കാർ ധനകാര്യ ബില്ലും അവതരിപ്പിക്കും. ദുരന്തനിവാരണ നിയമം, ഭാരതീയ വായുയാൻ വിധേയക് 2024, ബോയിലേഴ്‌സ് ബിൽ, കോഫി (പ്രമോഷൻ ആൻഡ് ഡെവലപ്‌മെൻ്റ്) ബിൽ, റബ്ബർ (പ്രമോഷൻ ആൻഡ് ഡെവലപ്‌മെൻ്റ്) ബിൽ എന്നിവയാണ് ഈ വർഷത്തെ വര്‍ഷകാല സമ്മേളമനത്തില്‍ അവതരിപ്പിക്കുന്ന മറ്റ് ബില്ലുകള്‍.

പാർലമെന്‍റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ കേന്ദ്ര ബജറ്റ് രേഖകൾ ലഭ്യമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും ആപ്പ് ലഭ്യമാണ്. Android, iOS പ്ലാറ്റ്‌ഫോമുകളിലും ആപ്പ് ലഭ്യമാണ്. കേന്ദ്ര ബജറ്റ് വെബ് പോർട്ടലിൽ (www.indiabudget.gov.in) നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബജറ്റ് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയിലെ വിവിധ പങ്കാളികളുമായി ധനമന്ത്രാലയം നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. ട്രേഡ് യൂണിയനുകൾ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇകൾ, വ്യാപാരം, സേവനങ്ങൾ, വ്യവസായം, സാമ്പത്തിക വിദഗ്ധർ, മൂലധന വിപണികൾ, അടിസ്ഥാന സൗകര്യം, ഊർജം, നഗര മേഖല തുടങ്ങിയ മേഖലകളിലെ പ്രതിനിധികളുമായി ജൂൺ 20 മുതല്‍ ധനമന്ത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൂലധനച്ചെലവ് വർധിപ്പിക്കുക, ധനക്കമ്മി കുറയ്ക്കുക തുടങ്ങിയ നിർണായക വിഷയങ്ങൾ യോഗങ്ങളിൽ സാമ്പത്തിക വിദഗ്‌ധര്‍ ചർച്ച ചെയ്‌തു.

മൂലധനച്ചെലവ് വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സാമ്പത്തിക വിദഗ്‌ധർ യോഗത്തില്‍ ചര്‍ച്ച ചെയ്‌തതായാണ് വിവരം. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും കർഷക സംഘടനകൾ ധനമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി ശുപാര്‍ശകള്‍ക്ക് ശേഷമുള്ള ബജറ്റ് സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

Also Read :കേന്ദ്ര ബജറ്റ് 2024: എന്താണ് ധനകാര്യ ബിൽ? രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ? അറിയേണ്ടതെല്ലാം - What Is Finance Bill

ABOUT THE AUTHOR

...view details