ന്യൂഡൽഹി: ഉത്സവകാലത്തെ തിരക്കൊഴിവാക്കാൻ റെയിൽവേയുടെ പുതിയ ട്രെയിൻ സർവീസുകൾ. ഒക്‌ടോബർ 1 ന് തുടങ്ങിയ ഫെസ്‌റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ നവംബർ 30 വരെ സർവിസ് തുടരും. ദീപാവലിയുടെ ഉള്‍പ്പെടെയുള്ള തിരക്കുകള്‍ക്ക് വലിയ ആശ്വാസമാകുന്ന കാര്യമാണിത്. ഇത് സംബന്ധിച്ച് യാത്രക്കാർക്ക് റെയിൽവേ സന്ദേശങ്ങള്‍ അയച്ചു.
'നിങ്ങളുടെ ഉത്സവങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കൂ' എന്ന എസ്എംഎസ് സന്ദേശത്തിൽ സർവിസുകളുടെ മറ്റ് വിവരങ്ങളും പരാമർശിക്കുന്നുണ്ട്. റെയിൽവേയുടെ എസ്എംഎസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിംഗുകളുടെ എണ്ണം ഇപ്പോൾ വർധിച്ചു' എന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.
യാത്രക്കാരുടെ രീതിയും യാത്ര ചെയ്യുന്ന സ്ഥലങ്ങളും മനസിലാക്കാൻ പ്രത്യേക സർവേ നടത്തിയാണ് റെയിൽവെ സന്ദേശങ്ങള്‍ അയച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രത്യേക സംസ്ഥാനങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്‌ത ആളുകളുടെ യാത്രാ രീതികളും യാത്രക്കാരുടെ ചരിത്രവും മനസിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ടെലികോം ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹായത്തോടെയുള്ള സർവേ.
ഇത്തരത്തിൽ 50 ലക്ഷത്തോളം പേർക്കാണ് സന്ദേശം അയച്ചത്. പ്രത്യേക ട്രെയിനുകളെയും ക്രമീകരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും യാത്രക്കാരെ സന്ദേശങ്ങളിലൂടെ അറിയിച്ചു.
'റെയിൽവേ ഫെസ്‌റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഈ ട്രെയിനുകളെ കുറിച്ച് അറിയില്ല. അവർ പലപ്പോഴും സാധാരണ ട്രെയിനുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ സീറ്റുകളുടെ ലഭ്യതയില്ലാത്തതിനാൽ അവർക്ക് അവരുടെ യാത്രാ പ്ലാൻ ഉപേക്ഷിക്കേണ്ടി വരുന്നു, ഈ സാഹചര്യത്തിന് പരിഹാരം കാണാന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന്' സിപിആർഒ വിശദീകരിച്ചു.