ബെംഗളൂരു : ഇന്നായിരുന്നു പ്രിയയുടെ 21-ാം ജന്മദിനം. ആഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നു. പക്ഷേ ആഘോഷിക്കാനായില്ല. ഇന്നെന്നല്ല, ഇനിയൊരിക്കലും മകളുടെ പിറന്നാള്‍ ആഘോഷിക്കാനാകില്ലെന്ന് വിതുമ്പുകയാണ് പ്രിയയുടെ പിതാവ്.
ജന്മദിനാഘാഷോങ്ങള്‍ക്കൊരുങ്ങിയ വീട്ടില്‍ ഇന്ന് പ്രിയയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കും. കഴിഞ്ഞ ദിവസമാണ് വൈദ്യുത വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ പ്രിയക്ക് ജീവന്‍ നഷ്‌ടപ്പെട്ടത്.
ജോലിയോട് വളരെയധികം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന പ്രിയ എപ്പോഴും സന്തോഷവതിയായിരുന്നുവെന്ന് അവളുടെ സുഹൃത്തുക്കളും പറയുന്നു. സുഹൃത്തുക്കളും പ്രിയയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിവിധ കമ്പനികളുടെ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്ന ഷോറൂമിലെ കാഷ്യറായിരുന്നു പ്രിയ. ചൊവ്വാഴ്‌ച വൈകിട്ട് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ പ്രിയ ദാരുണമായി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ നാല്‍പ്പത് ജീവനക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു. പ്രിയയ്ക്ക് മാത്രമാണ് ജീവന്‍ നഷ്‌ടമായത്.
തീആളിപ്പടര്‍ന്നതോടെ പ്രിയയ്ക്ക് രക്ഷപ്പെടാനാകാതെ പോയി. മണിക്കൂറുകള്‍ കഴിഞ്ഞാണ് അഗ്നിശമന സേനയ്ക്ക് പ്രിയയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്താനായത്. മകളായിരുന്നു തന്‍റെ ലോകമെന്ന് പിതാവ് ആറുമുഖം പറയുന്നു. യാഥാര്‍ഥ്യത്തോട് ഇനിയും പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് ആയിട്ടില്ല.
മകള്‍ക്ക് സര്‍പ്രൈസ് സമ്മാനമായി പുതിയ വസ്‌ത്രവും വാങ്ങി കാത്തിരുന്നതാണ് ആറുമുഖം. സാധാരണ രാത്രി ഏഴരയോടെ അവള്‍ വീട്ടിലെത്തും. എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയില്ല. ഇനിയൊരിക്കലും എത്തിച്ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയയുടെ ഒരു സുഹൃത്താണ് ദുരന്തം വിളിച്ച് അറിയിച്ചത്. വാര്‍ത്ത സത്യമാകല്ലേ എന്ന പ്രാര്‍ഥനയോടെയാണ് താന്‍ ഷോറൂമിലേക്ക് പാഞ്ഞെത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ എല്ലാവരും പറഞ്ഞു പ്രിയ മാത്രം ഇനിയും പുറത്തെത്തിയിട്ടില്ലെന്ന്. തനിക്കവളെ രക്ഷിക്കാനായില്ല. ഇങ്ങനെയൊരു മരണം അവള്‍ക്ക് വിധിക്കേണ്ടിയിരുന്നില്ലെന്നും ആ പിതാവ് വിലപിക്കുന്നു.
മൂന്ന് വര്‍ഷമായി പ്രിയ ഇവിടെ ജോലി ചെയ്യുന്നു. വളരെ ഉത്തരവാദിത്തതോടെയാണ് അവള്‍ ജോലി ചെയ്‌തിരുന്നത്. വളരെ ദയാലുവായിരുന്നു അവളെന്നും ഇടറിയ ശബ്‌ദത്തോടെ ആ പിതാവ് കൂട്ടിച്ചേര്‍ത്തു.
ഷോര്‍ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് അഗ്നിശമന സേന ഉപമേധാവി യൂനിസ് പറയുന്നു. ഷോറൂമില്‍ മതിയായ സുരക്ഷ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ല. 25ഓളം ഇലക്‌ട്രിക് ബൈക്കുകളും തീപിടിത്തത്തില്‍ കത്തിച്ചാമ്പലായി.
മകളെക്കുറിച്ചുള്ള സഫലമാകാത്ത സ്വപ്‌നങ്ങളും ഓര്‍മകളുമായി ആറുമുഖം മകള്‍ക്കായി വാങ്ങിയ പുതിയ വസ്‌ത്രങ്ങളും ചേര്‍ത്ത് പിടിച്ച് ഇരിക്കുകയാണ്. ഇനിയൊരിക്കലും അത് ധരിച്ച് മകളെ കാണാന്‍ തനിക്ക് സാധിക്കില്ലെന്ന് അറിയാം. എങ്കിലും യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുകയാണ് അദ്ദേഹം.
Also Read:ഡൽഹി ഷഹ്‌ദരയിൽ വൻ തീപിടിത്തം, കുടിലുകളും ഗോഡൗണുകളും കത്തിനശിച്ചു