ഷെയ്ഖ്‌പുര (ബീഹാർ) :ബാർബിഗയിലെ മൗർ ഗ്രാമത്തിൽ ഭർതൃപിതാവ് മരുമകളെ കുത്തിക്കൊന്ന കേസിൽ പുതിയ വഴിത്തിരിവ്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട ഭർതൃപിതാവിന്‍റെ മൃതദേഹം ലഖിസരായ് റെയിൽവേ സ്‌റ്റേഷന് സമീപം കണ്ടെടുത്തു. ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌ത നിലയിലായിരുന്നു.
ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ് മരുമകളായ സിന്ധുകുമാരിയെ അശോക് സിംഗ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ കാരണം പറഞ്ഞുകൊണ്ട് അശോക് സിംഗ് തയ്യാറാക്കിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. മരുമകളെ ഇയാൾ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
കുത്തിയതിന് ശേഷം അശോക് തന്നെയാണ് യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം വീട്ടുകാരെ വിവരമറിയിക്കുകയും ഭയന്ന് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ബാർബിഗ പൊലീസ് അശോകിനെ കണ്ടെത്താന്‍ തെരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷം അശോകിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.