വിശാഖ (ആന്ധ്രാപ്രദേശ്) :വളർത്തുനായയുടെ ആക്രമണത്തിൽ അച്ഛനും മകനും മരിച്ചു. വിശാഖ ജില്ലയിലെ ഭീമുനിപട്ടണം സോണിലെ ഈഗുവപ്പേട്ടയിലാണ് ദാരുണ സംഭവം. അല്ലിപ്പള്ളി നർസിംഗ റാവു (59), മകൻ ഭാർഗവ് (27) എന്നിവരാണ് മരിച്ചത്. ഒരുമാസം മുൻപാണ് ആക്രമണം നടന്നത്. നർസിംഗയെയും ഭാര്യ ചന്ദ്രവതിയേയും മകൻ ഭാർഗവിനെയും വളർത്തുനായ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കറ്റതിനെ തുടർന്ന് പ്രാദേശിക സർക്കാർ ആശുപത്രിയിൽ റാബിസ് വാക്‌സിൻ ആദ്യ ഡോസ് എടുത്തു. വാക്‌സിൻ രണ്ടാം ഡോസ് എടുക്കാതിരുന്ന ഭാർഗവ് നാല് ദിവസം മുമ്പ് മരിച്ചു. ചൊവ്വാഴ്‌ചയാണ് നർസിംഗ റാവു മരിച്ചത്.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ചന്ദ്രവതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. മൂന്ന് പേരെയും കടിച്ച് രണ്ട് ദിവസത്തിനകം തന്നെ നായ ചത്തിരുന്നു. ബീമിലി അർബൻ ഹെൽത്ത് സെന്‍റര്‍ മെഡിക്കൽ ഓഫിസർ കല്യാണ്‍ ചക്രവർത്തി മരിച്ചവരുടെ കുടുംബത്തെ സന്ദർശിച്ചു.
മകൻ ഭാർഗവിനും അമ്മ ചന്ദ്രവതിക്കും മെയ് 31 ന് ഹെൽത്ത് സെന്‍ററില്‍ വാക്‌സിൻ നൽകിയതായി അദ്ദേഹം പറഞ്ഞു. അവർ ആദ്യത്തെ ഡോസ് മാത്രമാണ് എടുത്തതെന്നും ബാക്കിയുള്ള ഡോസുകൾ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഭാർഗവ് മരിച്ചതെന്നും അമ്മ ചന്ദ്രവതി ഇപ്പോൾ ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി പക്ഷാഘാതം മൂലം ബുദ്ധിമുട്ടിയിരുന്നത് കൊണ്ടാണ് അച്ഛൻ നരസിംഗ റാവു മരിച്ചതെന്ന് മെഡിക്കൽ ഓഫിസർ കല്യാണ്‍ ചക്രവർത്തി പറഞ്ഞു.
Also Read : പാൽ മണവും കേക്ക് മണവും ഒന്നിച്ചെത്തി; പാത്രത്തിൽ തലയിട്ട് നായ പൊല്ലാപ്പിലായി, രക്ഷകരായി ഫയർഫോഴ്‌സ് - fire force rescued dog