ഗുവാഹത്തി:രാജ്യത്തെ ഐഎസ് തലവനും കൊടും ഭീകരനുമായ ഹാരിസ് ഫാറൂഖി എന്ന ഹാരിസ് അജ്‌മല്‍ ഫാറൂഖി കഴിഞ്ഞ ദിവസമാണ് അസം പൊലീസിന്‍റെ പിടിയിലായത്. ഐഎസിലേക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വന്‍തോതില്‍ ചേര്‍ക്കുന്നതില്‍ ഇയാള്‍ക്ക് വലിയ വൈദഗ്ദ്ധ്യമുണ്ടെന്നാണ് അസം പൊലീസ് വെളിപ്പെടുത്തുന്നത് (Farooqui Expert in Bomb Making).
യുവാക്കളെ പലതരം വാഗ്‌ദാനങ്ങളില്‍ കുടുക്കിയാണ് സംഘത്തിലേക്ക് എത്തിച്ചിരുന്നതെന്ന് അസം പൊലീസ് പ്രത്യേക കര്‍മ്മസേന ഐജിപി പാര്‍ത്ഥസാരഥി മഹന്ത അറിയിച്ചു. ഇയാള്‍ ബോംബ് നിര്‍മ്മാണ വിദഗ്ദ്ധനുമാണ്. ഭീകരസംഘടനയിലേക്ക് ഫണ്ടുകള്‍ എത്തിക്കുന്നതിലും ഇയാള്‍ക്ക് വലിയ കഴിവുണ്ടായിരുന്നു. അസമിലെ ധുബ്രിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം സഹായി അനുരാഗ് സിങ്ങെന്ന റഹ്‌മാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരും ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് എത്തിയത് എന്തിനെന്ന കാര്യം വ്യക്തമായിട്ടില്ല.
ബുധനാഴ്‌ച രാവിലെയാണ് ഇരുവരെയും ഐജിപി പാര്‍ത്ഥസാരഥി മഹന്തയും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കല്യാണ്‍ കുമാര്‍ പതക്കും അടങ്ങുന്ന പ്രത്യേക കര്‍മ്മസേന അറസ്‌റ്റ് ചെയ്‌തത്. ഇവര്‍ ധുബ്രിയുടെ ഭാഗങ്ങളില്‍ കറങ്ങി നടക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സില്‍ നിന്ന് പതിനഞ്ച് ദിവസം മുമ്പ് വിവരം കിട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു പൊലീസ് സംഘത്തെ നിയോഗിച്ചു. ബംഗ്ലാദേശില്‍ നിന്ന് പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലൂടെ അസമിലെ ധുബ്രിയിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നതായാണ് വിവരം.
മാര്‍ച്ച് പതിനെട്ടിന് ഇവരുടെ കറക്കത്തെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചു. പിറ്റേദിവസം ധര്‍മ്മശാലമേഖലയില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 20ന് പുലര്‍ച്ചെ നാല് മണിക്ക് വാഹനം കാത്ത് നില്‍ക്കുമ്പോള്‍ ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ഗുവാഹത്തിയില്‍ എത്തിച്ചു.