ന്യൂഡല്‍ഹി :കർഷകരുമായി കേന്ദ്രം ചർച്ച നടത്താൻ തയ്യാറായാല്‍ കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കുമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കര്‍ഷക സമരത്തെ തുടര്‍ന്ന് നവംബർ 26 മുതൽ ജഗ്‌ജിത് സിങ് ദല്ലേവാൾ നിരാഹാര സമരത്തിലാണ്. ദല്ലേവാളിന് വൈദ്യസഹായം നൽകാനുള്ള ഉത്തരവ് പാലിക്കാത്തതില്‍ പഞ്ചാബ് സര്‍ക്കാറിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.
പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരായ കോടതി അലക്ഷ്യ കേസിലെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി ഉത്തരവ് പാലിക്കാൻ മൂന്ന് ദിവസം കൂടി സമയം നൽകണമെന്നും പഞ്ചാബ് സർക്കാർ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ പ്രതിഷേധിക്കുന്ന പഞ്ചാബ് ഹരിയാന അതിർത്തിയിലെത്തി ചര്‍ച്ചകള്‍ നടത്താൻ ശ്രമങ്ങള്‍ നടത്തുവെന്നും പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർവീന്ദർ സിങ് കോടതിയെ അറിയിച്ചു. നിലവില്‍ പ്രദേശത്ത് ഗതാഗത തടസം ഉൾപ്പെടെയുള്ളതായും കേന്ദ്ര സര്‍ക്കാര്‍ ചർച്ചകൾക്ക് തയാറായാല്‍ ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കുമെന്ന് കർഷകർ അറിയിച്ചതായും അഡ്വക്കേറ്റ് ജനറൽ കോടതിയില്‍ വിശദീകരിച്ചു. ഇക്കാര്യം കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക